ദോഹ: വംശീയത, വിവേചനം, വിദ്വേഷം എന്നിവയെ ചെറുക്കുന്നതിനും തുല്യതയും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗം ഒരു ശക്തമായ മാധ്യമമാണെന്ന് ഖത്തർ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 62ാമത് സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഖത്തർ.
വംശീയതക്കും വിവേചനത്തിനുമെതിരായ ചർച്ചയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധി കാര്യാലയത്തിലെ സെക്കൻഡ് സെക്രട്ടറി ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ആൽഥാനി പങ്കെടുത്തു. ജനങ്ങളെയും സംസ്കാരങ്ങളെയും ഒന്നിപ്പിക്കുന്നതിനും ബഹുമാനം, സഹവർത്തിത്വം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കായിക മേഖലക്ക് ഒരു ഭാഷയായി പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. 2022-ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിച്ചതിലൂടെ അതിന് സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഫിഫയുടെ ‘നോ ഡിസ്ക്രിമിനേഷൻ’ കാമ്പെയിന് ഖത്തർ നൽകിയ പിന്തുണയും, താമസക്കാർക്കിടയിലെ സാമൂഹികവും സാംസ്കാരികവുമായ അകലം കുറക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരിയിൽ നടത്തുന്ന ‘ദേശീയ കായിക ദിന’ത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. കായികരംഗത്തെ വിവേചനങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ കൂട്ടായ പ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.