ദോഹ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും അവ കൃത്യമായി സംസ്കരിക്കുന്നതിനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കഴിഞ്ഞ ദിവസം ആചരിച്ച ‘അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിന’ത്തോടനുബന്ധിച്ചാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വക്ര ബീച്ചിൽ പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീൻലിനസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി വാർഷിക സാമൂഹിക പങ്കാളിത്ത പരിപാടിയുടെ ഭാഗമായാണ് നടത്തിയത്. പൊതുസ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
തീരപ്രദേശങ്ങളിലും മരുഭൂമിയിലും പ്രകൃതിദത്തമായ ഇടങ്ങളിലും എത്തുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളിൽ തന്നെ നിക്ഷേപിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ കാറ്റിലും തിരമാലകളിലും പെട്ട് ദൂരസ്ഥലങ്ങളിലേക്ക് ഒഴുകിപ്പോകുകയും, ഇത് കടൽ ജീവികൾക്കും വന്യജീവികൾക്കും വലിയ ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്നത് സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല, അവ പ്രകൃതിയിലേക്ക് കലരാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് കൂടിയാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബദലുകൾ ഉപയോഗിക്കണമെന്നും, മാലിന്യം പടർന്ന ശേഷം വൃത്തിയാക്കുന്നതിനേക്കാൾ നല്ലത് അത് തടയുന്നതാണെന്നും മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഡോ. ഫർഹൂദ് അൽ ഹജ്രി വ്യക്തമാക്കി. വ്യക്തികളും വ്യാപാരികളും പൊതുപരിപാടികളുടെ സംഘാടകരും പരിസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.