ലുസൈൽ ബസ് ഡിപ്പോ സന്ദർശിക്കാനെത്തിയ യുവ സൂസ്ഥിര വികസന അംബാസഡർമാർ
ദോഹ: സുസ്ഥിര വികസന അംബാസഡേഴ്സ് സെന്ററിൽ നിന്നുള്ള 50 യുവ സുസ്ഥിര വികസന അംബാസഡർമാർക്ക് ലുസൈൽ ബസ് ഡിപ്പോയിൽ സന്ദർശനമൊരുക്കി ഖത്തറിലെ പൊതുഗതാഗത കമ്പനിയായ മുവാസലാത് . ‘സസ്റ്റൈനബിലിറ്റി കോഫി’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.
ഖത്തറിലെ സുസ്ഥിര ഗതാഗത രംഗത്തെ പ്രധാന നാഴികക്കല്ലുകളിലൊന്ന് നേരിൽ കാണാനും രാജ്യത്തിന്റെ സുസ്ഥിര-യാത്രാ ലക്ഷ്യങ്ങൾക്കായി മുവാസലാത് നൽകുന്ന സംഭാവനകളെക്കുറിച്ച് മനസ്സിലാക്കാനും യുവ പ്രതിനിധികൾക്ക് അവസരമൊരുക്കി. സുസ്ഥിര ഗതാഗതത്തിലും ദേശീയ വികസനത്തിലും മുവാസലാത് വഹിക്കുന്ന പങ്കിനെക്കുറിച്ച് അംബാസഡർമാർക്ക് സന്ദർശനത്തിൽ വിശദീകരിച്ചു നൽകി. കമ്പനി നേതൃത്വവുമായും വിദഗ്ധരുമായും നേരിട്ട് സംവദിച്ചതിലൂടെ പൊതുഗതാഗത രംഗത്തെ തന്ത്രപരമായ ആസൂത്രണം, നവീകരണം, സുസ്ഥിരത എന്നിവയെക്കുറിച്ച് പങ്കെടുത്തവർക്ക് അറിവുകൾ കൈമാറി.
ഖത്തറിന്റെ ഹരിത ഗതാഗത ഇൻഫ്രാസ്ട്രക്ചർ നേട്ടങ്ങളിൽ പ്രധാനമാണ് ലുസൈൽ ബസ് ഡിപ്പോ. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ച ഈ കേന്ദ്രം, പരിസ്ഥിതി സൗഹൃദ ഗതാഗത പ്രവർത്തനങ്ങളിലേക്കുള്ള മുവാസലാതിന്റെ വികാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
തങ്ങളുടെ പൊതുഗതാഗത ശൃംഖലയിലെ 70 ശതമാനത്തിലധികം ബസുകളും മൊവാസലാത് ഇതിനകം തന്നെ ഇലക്ട്രിക് ആക്കിക്കഴിഞ്ഞു. ശുദ്ധമായ ഊർജവും സ്മാർട്ട് ഇൻഫ്രാസ്ട്രക്ചറും നവീകരണവും എങ്ങനെയാണ് സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുന്നത് എന്നതിന് ഉദാഹരണമാണിത്. ഗൈഡഡ് ടൂറിലൂടെ ഇലക്ട്രിക് ബസുകളിലെ യാത്ര അംബാസഡർമാർ നേരിട്ട് അനുഭവിച്ചറിഞ്ഞു.
തുടർന്ന് ഖത്തറിലെ പൊതുഗതാഗതത്തിന്റെ ഭാവിക്കായി മൊവാസലാത് നടത്തുന്ന പദ്ധതികളെക്കുറിച്ചുള്ള അവതരണവും ചോദ്യോത്തര വേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.