ലോക ഫുട്ബാൾ ചരിത്രത്തിലെ മഹത്തായ അധ്യായം കോറിയിട്ടായിരുന്നു ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നടന്നത്. അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് കലയും സംസ്കാരവും മാനവികതയും ഒരുമിച്ചുചേർന്ന ഒരു അതുല്യ ദൃശ്യവിരുന്നായിരുന്നു. ചടങ്ങിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനും യുവ പ്രചോദനമായ ഗാനിം അൽ മുഫ്താഹും തമ്മിലുള്ള സംവാദമായിരുന്നു. വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന സന്ദേശമാണ് അവർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ജീവിതം മുന്നോട്ട് നയിക്കുന്ന ഗാനിമിന്റെ സാന്നിധ്യം എല്ലാവരെയും ആഴത്തിൽ സ്വാധീനിച്ചു.
മുവസലാത്ത് ടൂർണമെൻ്റ് ബസ് സർവീസ് ഓപറേഷൻ ടീമിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളിലൊന്നാണ്. ലൂസൈൽ സ്റ്റേഡിയം, അൽ കോർ അൽ ബൈത്ത് സ്റ്റേഡിയം രണ്ടിടങ്ങളിലായിട്ടായിരുന്നു എന്റെ ഡ്യൂട്ടി.
ജീവിതത്തിൽ അതുവരെ അറിയാതിരുന്ന ഒരു മേഖലയിൽ ബസ് മാർഷൽ ലാസ്റ്റ് ലാപ് സൂപ്പർവൈസറായി ജോലി ചെയ്യാൻ കഴിഞ്ഞതും വലിയ ഒരു നേട്ടമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആരാധകരെ സ്റ്റേഡിയങ്ങളിലേക്കും ഫാൻ സോണുകളിലേക്കും സുരക്ഷിതമായും സമയബന്ധിതമായും എത്തിക്കുന്ന ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു. ആരാധകരുടെ ആവേശവും സന്തോഷവും കാണുമ്പോൾ ജോലി എന്നതിലുപരി ലോകകപ്പിന്റെ ഭാഗമാണെന്ന അഭിമാനമാണ് അനുഭവപ്പെട്ടത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആരാധകരോടൊപ്പം പ്രവർത്തിക്കാനും അവരുടെ സംസ്കാരങ്ങളും ജീവിതശൈലികളും അടുത്തറിയാനും അവസരം ലഭിച്ചു. വ്യത്യസ്ത ദേശീയതകളിലുള്ള സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ച അനുഭവം പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും യഥാർത്ഥ മൂല്യം മനസ്സിലാക്കാൻ സഹായിച്ചു.
ഓരോ ദിവസവും പുതിയ ആളുകളെ പരിചയപ്പെടാനും വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും അവസരം ലഭിച്ചു. ലോകകപ്പിന്റെ ആവേശം ഏറ്റവും കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞത് ഫാൻ സോണുകളിലൂടെയായിരുന്നു. വിവിധ രാജ്യങ്ങളുടെ ആരാധകർ അവരുടെ ടീമുകൾക്ക് പിന്തുണയുമായി ഒത്തുചേർന്ന കാഴ്ചകൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പാട്ടും നൃത്തവും ആഘോഷങ്ങളും കൊണ്ട് ഫാൻ സോണുകൾ ലോകത്തിന്റെ വൈവിധ്യവും ഐക്യവും ഒരേസമയം പ്രതിഫലിപ്പിച്ചു.
രാത്രി വൈകിയും സജീവമായിരുന്ന മെട്രോ യാത്രകൾ ഏറ്റവും സുരക്ഷിതവുമായ യാത്രകൾ മറ്റൊരു പ്രത്യേക അനുഭവമായിരുന്നു. മത്സരങ്ങൾ കഴിഞ്ഞ് ആയിരക്കണക്കിന് ആരാധകർ ഒരേ ലക്ഷ്യത്തോടെ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെട്ട ആവേശവും സന്തോഷവും വിവരണാതീതമാണ്. ലോകകപ്പിന്റെ യഥാർത്ഥ ആത്മാവ് ആ യാത്രകളിൽ വ്യക്തമായി കാണാനായി.
ഖത്തറിലെ പ്രശസ്തമായ നിരവധി ലാൻഡ്മാർക്കുകളിലും പ്രത്യേകിച്ച് സൂഖ് വാഖിഫ്, ലൂസൈൽ ബൊലിവാഡിലെ വിവിധ പരിപാടികൾ ഫിഫ ഓർമ്മകളെ കൂടുതൽ സമ്പന്നമാക്കുന്നു
നഗരത്തിന്റെ മനോഹാരിതയും മികച്ച അടിസ്ഥാനസൗകര്യങ്ങളും ലോകകപ്പിനെ ഒരു ആഗോള ആഘോഷമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ഫൈനൽ മത്സരദിനം പ്രത്യേകിച്ച് മറക്കാനാവാത്ത അനുഭവമായിരുന്നു. വിവിധ രാജ്യങ്ങളുടെ പതാകകളും പാട്ടുകളും ആഘോഷങ്ങളും കൊണ്ട് ഖത്തർ ഒരു ആഗോള ഗ്രാമമായി മാറിയിരുന്നു.
പ്രായഭേദമന്യേ എല്ലാവരും ഒരു പോലെ നെഞ്ചിലേറ്റിയ ഫിഫ ലോകകപ്പ് 2022 എനിക്ക് ഒരു തൊഴിൽപരമായ അനുഭവം മാത്രമല്ല, ആ മഹത്തായ ടൂർണമെന്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നും എന്റെ ഹൃദയത്തിൽ അഭിമാനത്തോടെ സൂക്ഷിക്കുന്ന ഒരു സുവർണ ഓർമ്മയായിരിക്കും.
ഇന്നും ആ ദിവസങ്ങളെ ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത് അഭിമാനവും സന്തോഷവും നന്ദിയുമാണ്. ലോകം മുഴുവൻ ഖത്തറിലേക്ക് എത്തിയ ആ മഹോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നായി എന്നും നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.