ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ രണ്ടു മാസം നീളുന്ന സ്പോർട്സ് കാർണിവലിന് ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റോടെ തുടക്കമായി. നാട്ടിൽനിന്നും സന്ദർശനത്തിനെത്തിയ കെ.വി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക, സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും മികച്ച ഉദാഹരണമാണ്.
കൂറ്റനാട് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏറെ സന്തോഷകരവും പ്രചോദനാത്മകവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷമീർ ടി.കെ. ഹസ്സൻ അധ്യക്ഷനായിരുന്നു. പ്രോഗ്രാം ചെയർമാൻ എ.വി. അബ്ദുൽ ജലീൽ, ട്രഷറർ മുനീർ സുലൈമാൻ, അഡ്വൈസറി ബോർഡംഗം കെ.വി. അബ്ദുൽ ബഷീർ, സ്പോർട്സ് കോഓഡിനേറ്റർ അഷ്റഫ് പി.എ. നാസർ എന്നിവർ സംസാരിച്ചു.
കൂട്ടായ്മയുടെ കായിക പ്രവർത്തനങ്ങൾക്ക് ഉണർവേകിയ ടൂർണമെന്റിൽ ഇരുപതിലധികം കളിക്കാർക്ക് പുറമേ നിരവധി അംഗങ്ങളും പങ്കെടുത്തു. ഷമീർ പി.വി-സിറാജ് ടീം ഒന്നാം സ്ഥാനം നേടി. ഫഹദ് -ആശിഖ് റണ്ണറപ്പും, നാസർ പി.എ-ഫൈസൽ സെക്കൻഡ് റണ്ണറപ്പുമായി. കുട്ടികളുടെ ടൂർണമെന്റിൽ നിഖിത് -അയ്ദിൻ, നാതിഖ് -ഷമീർ എന്നിവർ യഥാക്രമം വിജയികളായി. ഷമീർ അബൂബക്കർ, വി.പി. സക്കീർ, ഷൗക്കത്ത്, ഷിഹാബ്, കെ.വി. സലിം, മുനീർ എം.എ., ബുക്കാർ, അഫ്സൽ കരീം, പ്രഗിൻ, ഷാജി എ.വി തുടങ്ങിയവർ നേതൃത്വം നൽകി. കായികോത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി, കുട്ടികൾക്കായുള്ള വിവിധ സ്പോർട്സ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.