ദോഹ: ഭക്ഷ്യസുരക്ഷയിലും ഭക്ഷ്യ സ്വയം പര്യാപ്തതയിലും മുന്നേറ്റം കൈവരിച്ച് ഖത്തർ. അഗ്രികൾച്ചർ സ്ട്രാറ്റജി -2025 ലൂടെ രാജ്യത്തെ കർഷകർക്ക് നൽകുന്ന പിന്തുണയും പ്രോത്സാഹനവും വഴി ആഭ്യന്തര ഭക്ഷ്യോത്പാദനത്തിലും സുസ്ഥിര കൃഷിരീതികളിലും വലിയ മുന്നേറ്റം കൈവരിക്കാൻ സാധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഖത്തറിലെ 950 ഫാമുകളിൽനിന്നായി പ്രാദേശിക വിപണികളിലേക്ക് ആവശ്യമമായ ഉൽപന്നങ്ങൾ എത്തിച്ചു. രാജ്യത്തെ പച്ചക്കറി ഉൽപാദനം ഇക്കാലയളവിൽ 75,000 ടണ്ണിൽ എത്തി.
ആധുനിക കൃഷിരീതികളിൽ തുടർച്ചയായി നിക്ഷേപം നടത്തി കാർഷിക രംഗത്ത് സുപ്രധാന നേട്ടങ്ങൾ കൈവരിച്ചു. ഗ്രീൻഹൗസ് യൂനിറ്റുകളുടെ എണ്ണം 8,420 ആയി ഉയർന്നു. ഓർഗാനിക് ഫാമിങ് മേഖലയിശ്രദ്ധേയമായ വളർച്ച കൈവരിച്ചു, ഈ കാലയളവിൽ 207 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൃഷി ചെയ്യുന്ന സ്ഥലം 265.2 ദുനാം യൂനുറ്റിൽ നിന്ന് 813.2 ആയും വർധിച്ചു. 2025ൽ പ്രാദേശിക ഫാമുകൾ വഴി 508 ടൺ മത്സ്യം ഉൽപാദിപ്പിച്ചു. കൂടാതെ ഹാച്ചറികൾ വഴി 12 ലക്ഷം ഹമൂർ കുഞ്ഞുങ്ങൾ, 14 ലക്ഷം ഷേരി കുഞ്ഞുങ്ങൾ, 10 ലക്ഷം ചെമ്മീൻ ലാർവകൾ എന്നിവയും ഉൽപാദിപ്പിച്ചു.
ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഖത്തർ മികച്ച മുന്നേറ്റമാണ് നടത്തിയത്. പാൽ (99 ശതമാനം), കോഴിയിറച്ചി (99), മുട്ട (27) തുടങ്ങി വിവിധ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായുള്ള നാഷനൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജിയിൽ മൂന്ന് ഘടകങ്ങളിലായി 17 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് പ്രാദേശിക ഉൽപാദനവും വിപണിയും മെച്ചപ്പെടുത്തുക എന്നതാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പച്ചക്കറി, ഇറച്ചി, മത്സ്യം, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഒരു ഭക്ഷ്യസംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഖത്തർ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഡിജിറ്റൽ പരിവർത്തനം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗര വികസനം എന്നിവയിൽ മന്ത്രാലയം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. 2025 ൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഒന്നിലധികം മേഖലകളിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ രംഗത്തെ മികവിനും ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനും, കൂടുതൽ മനുഷ്യകേന്ദ്രീകൃതവും കാര്യക്ഷമവുമായ നഗരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കാണ് മന്ത്രാലയം ഊന്നൽ നൽകിയത്. രാജ്യത്തെ പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക രംഗത്തെ കാര്യക്ഷമത, സാമൂഹിക ക്ഷേമം എന്നിവ സന്തുലിതമാക്കുന്ന ഒരു ഭാവിയിലേക്കുള്ള വികസന തന്ത്രമായാണ് ഈ സംരംഭങ്ങൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.