ദോഹ: ക്രിക്കറ്റിന്‍റെ വളർച്ചയും ഭാവി കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഇന്‍റനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബോർഡ്, കമ്മിറ്റി യോഗങ്ങൾക്ക് അടുത്ത മാസം ഖത്തറിന്‍റെ തലസ്ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. മാർച്ച് 25 മുതൽ 27 വരെയാണ് ഐ.സി.സി യോഗങ്ങൾ നടക്കുക.
ഐ.സി.സി ബോർഡ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവുമാർ, കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.
ദോഹയിൽ ഐ.സി.സി യോഗങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ ഖത്തറിനുള്ള പ്രാധാന്യം വർധിപ്പിക്കുകയും, ഐസിസിയും ഖത്തർ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് ഇവന്‍റുകൾക്ക് ഖത്തർ ആതിഥേയത്വമരുളുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ഐസിസി അറിയിച്ചു.
ഖത്തർ ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിത്തിക്കാനും ഖത്തറിലെ കായിക മേഖലയുമായി ഐ.സി.സി തുടരുന്ന സഹകരണവും കണക്കിലെടുത്താണ് ദോഹയെ വേദിയായി തിരഞ്ഞെടുത്തത്. ഖത്തർ ക്രിക്കറ്റ് അസോസിയേഷനുമായും ഒളിമ്പിക് കമ്മിറ്റിയുമായും ചേർന്ന് ഐ.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ ക്രിക്കറ്റ് മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
2020 മുതൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ക്രിക്കറ്റ് കായിക വിനോദത്തെ യുവാക്കൾക്കിടയിൽ ജനപ്രീതിയുണ്ടാക്കാനും കൂടുതൽ ജനകീയമാക്കുന്നതിനും സാധിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ 'സ്കൂൾ ഒളിമ്പിക് പ്രോഗ്രാമിൽ' ക്രിക്കറ്റിനെ ഉൾപ്പെടുത്തിയത് വളർച്ചക്ക് കരുത്തേകി.
രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ക്രിക്കറ്റിനെ കായിക വിനോദമായി ഉൾപ്പെടുത്താൻ സഹായിച്ചു. കൂടാതെ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഐ.സി.സിയുടെ ക്രിക്കറ്റ് ഫെസ്റ്റിവൽ പദ്ധതിയിൽ 287 സ്കൂൾ ടീമുകളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.