അർജൻറീന താരം യാവിയർ മഷറാനോ
ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ വേദിയാവാൻ ഒരുങ്ങുന്നതെന്ന് അർജൻറീന മുൻ താരം യാവിയർ മഷറാനോ. ഫിഫ അറബ് കപ്പ് ഫൈനൽ മത്സരത്തിന് സാക്ഷിയാവാനായി ദോഹയിലെത്തിയ മുൻ സൂപ്പർതാരം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഖത്തറിെൻറ ഒരുക്കങ്ങളെ പ്രശംസിച്ചത്.
'ഖത്തര്‍ ലോകകപ്പ് ഏറ്റവും മനോഹരമായ അനുഭവമായിരിക്കും. ലോകകപ്പിെൻറ ട്രയൽ റണ്ണായാണ് ഫിഫ അറബ് കപ്പിന് ഖത്തർ വേദിയായത്. ടൂർണമെൻറിനെ മനോഹരമാക്കാൻ സാധ്യമായതെല്ലാം ഖത്തർ സംവിധാനിച്ചിട്ടുണ്ട്. കളിക്കാർക്കും, കാണികൾക്കും ഗൃഹാതുരമായ അനുഭവം ഒരുക്കുന്ന രീതിയിലാണ് ലോകകപ്പിനായി ഖത്തർ തയാറെടുക്കുന്നത്. മികച്ച പ്രതീക്ഷയാണ് അടുത്തവർഷത്തെ ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനായി തയാറാക്കിയ സ്റ്റേഡിയങ്ങളെയും അർജൻറീന സൂപ്പർതാരം അഭിനന്ദിച്ചു. 'ഏറ്റവും മനോഹരമായ സ്റ്റേഡിയങ്ങളാണ് എല്ലാം. സൗകര്യങ്ങളും സാങ്കേതിക സംവിധാനവുമെല്ലാം ഗംഭീരം.
അടുത്തടുത്ത സ്റ്റേഡിയങ്ങളും നിലവാരമുള്ള പരിശീലന ഗ്രൗണ്ടുകളും കളിക്കാർക്ക് മികച്ച അനുഭവമാകും' -ചോദ്യത്തിന് മറുപടിയായി മഷറാനോ പറഞ്ഞു.
തെൻറ ടീമായ അർജൻറീന ഏറ്റവും മികച്ച പ്രകടനമായിരിക്കും 2022 ഖത്തറിൽ കാഴ്ചവെക്കുന്നതെന്നും മഷറാനോ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കോപ്പ അമേരിക്കയിലെ അർജൻറീനയുടെ കിരീട നേട്ടം ഉദാഹരണമാണ്. സമീപകാലത്തായി മനോഹരമായാണ് ടീം കളിക്കുന്നത്. ഖത്തറിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയും -അദ്ദേഹം പറഞ്ഞു. ബാഴ്സലോണയിൽ പരിശീലകനായി തെൻറ പഴയ സഹതാരം ചാവി ഹെർണാണ്ടസിെൻറ വരവിനെയും മഷറാനോ സ്വാഗതം ചെയ്തു. അദ്ദേഹത്തിന് സമയം നൽകണമെന്നും, മികച്ച നേട്ടങ്ങളുള്ള ടീമിനെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും സൂപ്പർതാരം വ്യക്തമാക്കി.
ഇന്ത്യൻ ഫുട്ബാളിനെ കുറിച്ചുള്ള ചോദ്യത്തോടും താരം പ്രതികരിച്ചു. ''ആഗോളതലത്തിൽ തന്നെ ഫുട്ബാൾ വളർന്നുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യ വികസനവും ഫുട്ബാളിന് കൂടുതൽ സ്വീകാര്യത സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളും വളർച്ചയുടെ പാതയിലാണ്'' -മഷറാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.