ദോഹ: ഖത്തറിലെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെന്നും വിവിധ മേഖലയിലെ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി. രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലായി 600ലധികം മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം 5,000ത്തിലധികം കേസുകൾ ഈ കാലയളവിൽ സെൻട്രൽ ഓപ്പറേഷൻസ് റൂം കൈകാര്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 26 കഴിഞ്ഞു.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യം ആസൂത്രിതമായ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. സിവിൽ ഡിഫൻസ് കൗൺസിലിന്റെ കീഴിൽ സൈനിക, സുരക്ഷാ, സിവിൽ മേഖലകൾ ഒരേ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 'വതൻ' അഭ്യാസ പരിശീലനങ്ങൾ ഇതിന് കരുത്തേകി. എല്ലാ സുരക്ഷാ ഏജൻസികളും പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിക്കുന്നുണ്ട്.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി അന്തരീക്ഷ വായുവും സമുദ്രജലത്തിന്റെയും ഗുണനിലവാരവും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഉർജകേന്ദ്രത്തെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വായുവും സമുദ്ര പരിസ്ഥിതിയും മലിനീകരണത്തിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. വായുവിന്റെയും കടൽവെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിച്ചതായും മലിനീകരണമില്ലെന്ന് ഉറപ്പുവരുത്തിയതായും ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം രംഗത്തെത്തി. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനായി രാജ്യത്തെ 60 റീട്ടെയിൽ ഔട്ട്ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. കൂടാതെ, രാജ്യത്തെ 138 ഭക്ഷ്യ -കുടിവെള്ള ഫാക്ടറികൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. സാധനങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും തടസ്സമില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘം ഫാക്ടറികളിൽ നേരിട്ട് പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.