ദോഹ: മേഖലയിൽ സംഘർഷം ആരംഭിച്ച ശേഷം ഖത്തർ എയർവേസ് മാർച്ച് ആദ്യവാരം ദോഹയിൽ എത്തിച്ചത് 300 ടൺ അവശ്യവസ്തുക്കൾ. മരുന്നുകൾ, ബേബി മിൽക്ക്, മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഫ്രഷ് ഫുഡ്, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളാണ് രാജ്യത്തേക്ക് എത്തിച്ചത്. ആവശ്യ സാധനങ്ങളുടെ വരവ് ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തർ എയർവേസ് അറിയിച്ചു.
ഫെബ്രുവരി 28 മുതൽ ഖത്തറിന്റെ വ്യോമാതിർത്തി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, രാജ്യത്തേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. പരിമിതവും സുരക്ഷിതവുമായ വ്യോമപാതകളിലൂടെ ഭാഗികമായി വിമാന ഗതാഗതം പുനരാരംഭിക്കുന്നതിന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായും, ഇത് വഴി കാർഗോ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇത് രാജ്യത്തെ വിതരണക്കാർക്കും വ്യാപാരികൾക്കും കമ്പനികൾക്കും വലിയ പിന്തുണയാകും. നിലവിലെ വെല്ലുവിളികൾക്കിടയിലും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഖത്തർ എയർവേസ് കാർഗോ വിമാനങ്ങൾ ഇതിനായി മാറ്റിവെച്ചു. പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ സാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.