സ്വിറ്റ്​സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഫോറത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സംസാരിക്കുന്നു 

ദോഹ: വംശീയതയുടെയും മതത്തിന്‍റെയും ദേശീയതയുടെയും പേരിൽ വിവേചനം നേരിടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക സാമ്പത്തിക ഫോറത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രൗഢഗംഭീരമായ പ്രഭാഷണം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന സാമ്പത്തിക ഫോറത്തിന്‍റെ ഉദ്ഘാടന സെഷനിലായിരുന്നു ഖത്തറിന്‍റെ ലോകകപ്പ് ഒരുക്കങ്ങളെ കുറിച്ചും അറബ് ലോകത്തിനെതിരെ ചില കേന്ദ്രങ്ങളുടെ അസഹിഷ്ണുതകളും യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും പരാമർശിച്ചുകൊണ്ട് അമീർ സംസാരിച്ചത്.

വർഷാവസാനം ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പ് ഏറ്റവും വിശേഷപ്പെട്ട ലോകകപ്പായി മാറുമെന്ന് അമീർ പ്രഖ്യാപിച്ചു. അറബ് മുസ്ലിം രാജ്യം ലോകകപ്പ് പോലൊരു വലിയ മേളക്ക് വേദിയൊരുക്കുന്നതിൽ അസഹിഷ്ണുത പ്രകടമാക്കുന്ന ഒരുവിഭാഗം ഇപ്പോഴും ലോകത്തുണ്ടെന്നും അമീർ തുറന്നടിച്ചു.

ലോകസാമ്പത്തിക ഫോറത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ പ്രഭാഷണം ശ്രവിക്കുന്നവർ

'അറബ് ലോകം ഖത്തറിലൂടെ ആദ്യമായി ഒരു ലോകകപ്പ് മേളക്ക് വേദിയൊരുക്കുകയാണ്. ഏറ്റവും വിജയകരമായ സംഘാടനത്തിനായി ഞങ്ങൾ കഠിനമായ പരിശ്രമത്തിലുമാണ്. എന്നാൽ, പതിറ്റാണ്ടുകളായി പലവിധത്തിലും അറബ് മേഖല വിവേചനം നേരിടുകയാണ്. തങ്ങളെ കുറിച്ച് അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആയ ഒരുവിഭാഗത്തിൽനിന്നാണ് ഇത്തരം വിവേചനങ്ങൾ. അവർക്ക് ഇപ്പോഴും ഒരു അറബ് മുസ്ലിം രാജ്യം ലോകകപ്പ് പോലൊരു മഹാമേളയുടെ ആതിഥേയരാവുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല. വിവിധ വൻകരകളിൽ നേരത്തെ മഹാമേളകൾ നടന്നപ്പോഴൊന്നുമില്ലാത്തവിധം, ഇവർ അറബ് മേഖലക്കെതിരെ ആരോപണങ്ങളും വിമർശനങ്ങളുമെല്ലാം ഉന്നയിക്കുകയാണ്' -അമീർ പറഞ്ഞു.

ഓരോ രാജ്യത്തിനും അതിന്‍റേതായ പ്രശ്നങ്ങളും വെല്ലുവിളികളുമുണ്ട്. ഖത്തർ നിങ്ങളുടെ സ്വന്തം രാജ്യംപോലെ തന്നെയാണ്. എല്ലാം തികഞ്ഞതല്ല. എന്നാൽ, ഓരോ ചുവടിലും ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ശോഭനമായ ഭാവി പ്രതീക്ഷകൾ നിറഞ്ഞതാണ്. നടപ്പാക്കിയ വികസനത്തിലും പരിഷ്‌കാരങ്ങളിലും പുരോഗതിയിലും ഞങ്ങൾ അഭിമാനിക്കുന്നു. അതിവേഗത്തിൽ മാറ്റങ്ങൾ വരുത്താനും വികസനം നേടാനും ഞങ്ങളെ പ്രചോദിപ്പിച്ച ലോകകപ്പ് ആതിഥേയത്വത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ ലോകകപ്പ് ഏറ്റവും സവിശേഷമായ ഒരു അധ്യായമായി മാറുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു -അമീർ വ്യക്തമാക്കി.

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിനും സംഘർഷത്തിൽ ശാശ്വതപരിഹാരം കാണാൻ രാജ്യാന്തരതലത്തിലെയും മേഖലയിലെയും ഇടപെടൽ പങ്കുവഹിക്കാൻ ഖത്തർ തയാറാണെന്നും അമീർ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പരാമധികാരത്തിൽ ഇടപെടുന്ന ലോകരാജ്യങ്ങളുടെ സമീപനത്തിന് ഖത്തർ എന്നും എതിരാണ്. യൂറോപ്പിലേതുൾപ്പെടെയുള്ള യുദ്ധങ്ങളിൽ അഭയാർഥികളാക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരോട് ഖത്തർ ഐക്യപ്പെടുന്നു. ഇസ്രായേലിന്‍റെ ഇടവേളയില്ലാത്ത ആക്രമണത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും ദുരിതമനുഭവിക്കുന്ന ഫലസ്തീനിൽ ജനതയുടെ വേദനക്ക് ലോകം ശ്രദ്ധ നൽകണമെന്നും അമീർ വ്യക്തമാക്കി.

അഫ്ഗാനിലെ സമാധാനപാലനത്തിനും യുദ്ധകാലത്ത് പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുമുള്ള ദൗത്യങ്ങൾക്ക് ഖത്തറിന് നേതൃപരമായ പങ്കുവഹിക്കാൻ കഴിഞ്ഞു. ഓരോ രാജ്യവും മറ്റു രാജ്യങ്ങളും പരമാധികാരവും സ്വാതന്ത്ര്യവും ബഹുമാനിക്കുകയെന്നതാണ് ലോകസമാധാനത്തിന്‍റെ അടിസ്ഥാനം. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു ആഖിലയുടെ വധവും യുക്രെയ്നിലും മറ്റുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ വിഷയങ്ങളും അമീർ പ്രസംഗത്തിൽ ഉന്നയിച്ചു. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അനുവദിക്കാനാവില്ല, മതം, ദേശം, വംശം എന്നിവ വേർതിരിച്ചുള്ള സർക്കാറുകളുടെ ഇരട്ടത്താപ്പ് നയങ്ങളും ലോകത്തിന് അംഗീകരിക്കാനാവില്ല -നിറഞ്ഞ കൈയടികൾക്കിടയിൽ അമീർ പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പര്യടനത്തിനുശേഷമാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വിറ്റ്സർലൻഡിലെത്തിയത്. 

Tags:    
News Summary - Qatar World Cup: The most special - Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.