ദോഹ: ലോകപ്രശസ്ത ടെക്നോളജി കോൺഫറൻസായ ഖത്തർ വെബ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒന്നു മുതൽ നാലു വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും. സാമ്പത്തിക അസമത്വം, ആരോഗ്യരംഗത്തെ പോരായ്മകൾ, കാലാവസ്ഥാ വെല്ലുവിളികൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടാൻ സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ആയിരക്കണക്കിന് സംരംഭകരും നിക്ഷേപകരും വിദഗ്ധരും ചർച്ചകൾ നടത്തും.
നയരൂപ കർത്താക്കൾ, ഗവേഷകർ, ഐ.ടി രംഗത്തെ വിദഗ്ധർ, മറ്റു പ്രതിനിധികൾ തുടങ്ങിയവരുടെ ആഗോളതലത്തിലുള്ള ഒത്തുചേരലിനുള്ള വേദിയാകും വെബ് സമ്മിറ്റ്. 120 ലധികം രാജ്യങ്ങളിൽ നിന്നായി 30,000 ത്തിലധികം പ്രതിനിധികൾ, 700ലധികം നിക്ഷേപകർ, ലോകമെമ്പാടുമുള്ള 600 ലധികം മാധ്യമപ്രവർത്തകർ എന്നിവർ വെബ് സമ്മിറ്റിന്റെ ഭാഗമാകും.
ലോകമെമ്പാടുമുള്ള 1,600 ലധികം സ്റ്റാർട്ടപ്പുകളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. ഐ.ബി.എം, ടിക് ടോക്, മൈക്രോസോഫ്റ്റ്, ഹുവായ്, ഖത്തർ എയർവേസ്, സ്നാപ്ചാറ്റ് തുടങ്ങി പ്രമുഖരായ ആഗോള കമ്പനികൾ പങ്കാളികളായി എത്തും. സ്റ്റാർട്ടപ്പ് പ്രോഗ്രാം ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
പരിപാടി നടക്കുന്ന വെബ് സമ്മിറ്റിന്റെ വേദി പൂർണമായും സജ്ജമായിട്ടുണ്ട്.
മേഖലയിലെ ഒരു പ്രധാന ടെക് ഹബ് എന്ന നിലയിലുള്ള ഖത്തറിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതാകും വെബ് സമ്മിറ്റ്. സ്മാർട്ട് സിറ്റി നവീകരണം, ഡിജിറ്റൽ പരിവർത്തനം, എണ്ണ ഇതര മേഖലകളിലെ വളർച്ച എന്നിവയിലൂടെ ഖത്തർ കൈവരിച്ച നേട്ടങ്ങൾ വെബ് സമ്മിറ്റിലൂടെ ലോകശ്രദ്ധയാകർഷിക്കും.
ആഗോള തലത്തിൽ വെബ് സമ്മിറ്റിനുള്ള സ്വീകാര്യതയും താൽപര്യവും ശ്രദ്ധേയമാണെന്ന് വെബ് സമ്മിറ്റിന്റെ വക്താവ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യ സംഗമമായി വെബ് സമ്മിറ്റ് മാറിയിരിക്കുന്നുവെന്നും തുടർ വർഷങ്ങളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ കാണാനും നൂതന ആശയങ്ങൾ പങ്കുവെക്കാനുമുള്ള ഇടമായി വെബ് സമ്മിറ്റ് നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.