ദോഹ: ഖത്തറും യു.എസും തമ്മിൽ സമാധാനം, സുരക്ഷ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നയതന്ത്ര ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വാഷിങ്ടൺ ഡി.സിയിൽ വെച്ചാണ് ചർച്ച നടത്തിയതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെയും നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര പങ്കാളിത്തത്തിന്റെ തെളിവാണ് ഈ സംഗമമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
നിയമപാലനം, സുരക്ഷാ സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ദൃഢമാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള തുടർ ചർച്ചകൾ 2026 ആദ്യം തുടക്കത്തിൽ നടക്കും.
ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും പ്രസിഡന്റ് ട്രംപ് നൽകുന്ന നേതൃത്വത്തെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രസിഡന്റ് ട്രംപിന്റെ ‘ഗസ്സ സമാധാന പദ്ധതി’ നടപ്പിലാക്കുന്നതിനും മറ്റു സംഘർഷങ്ങൾ പരിഹരിക്കുന്നതിനും മധ്യസ്ഥരെന്ന നിലയിൽ ഖത്തർ വഹിച്ച നിർണായക പങ്ക് മുൻനിർത്തി, പ്രസിഡന്റ് ട്രംപിന് വേണ്ടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്കും ഖത്തർ സർക്കാറിനും നന്ദി അറിയിച്ചു. സിറിയയിൽ സമാധാന സ്ഥിരത കൈവരിക്കുന്നതിനും ഭീകരവാദത്തെ ചെറുക്കുന്നതിനും അവിടത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇരു മന്ത്രിമാരും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.