‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി -4’ സമാപിച്ചു

ദോഹ: മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ജി.സി.സി രാജ്യങ്ങൾ തമ്മിൽ സംയുക്ത സുരക്ഷ സംവിധാനം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ട് ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4’ അഭ്യാസ പരിശീലനങ്ങൾക്ക് സമാപനം. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സുരക്ഷ സഹകരണ സംവിധാനം ശക്തിപ്പെടുത്തുക, സുരക്ഷ തയാറെടുപ്പുകളും സംയുക്ത ഏകോപനവും മെച്ചപ്പെടുത്തുക, പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംയുക്ത ജി.സി.സി സുരക്ഷ അഭ്യാസ പ്രകടനം നടത്തിയത്.

ഗൾഫ് മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ സജ്ജമാണെന്ന പ്രഖ്യാപനവുമായി ജി.സി.സി രാജ്യങ്ങളിലെ സേനകളെ ഒരുമിച്ചു ചേർത്ത് 2016ൽ ബഹ്‌റൈനിലാണ് പരിശീലനം ആരംഭിച്ചത്. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ 11 ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഏജൻസികളും സേനകളും യു.എസിൽനിന്നുള്ള പ്രത്യേക യൂനിറ്റുകളും പങ്കെടുത്തു.

സുരക്ഷാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്ത അഭ്യാസങ്ങൾ പരിശാലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രതിരോധ പ്രവർത്തന പദ്ധതികൾ പരിശോധിക്കാനും വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം വികസിപ്പിക്കാനും, പ്രൊഫഷനലിസം ഉറപ്പാക്കി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാനും പരിശീലനങ്ങളിലൂടെ സാധിച്ചു. സുരക്ഷ മാനദണ്ഡങ്ങളും മികച്ച പരിശീലന നിലവാരവും ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിലായാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്. ​

സമാപന ചടങ്ങിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സയിദ് അൽ നഹ് യാൻ, ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി, സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ ബത്തൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അഹമ്മദ് അൽ വഹീബ്, ജി.സി.സി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദവി, യു.എസ് നാവിക സേന സെൻട്രൽ കമാൻഡിന്റെ കമാൻഡർ കർട്ട് റെൻഷാ, ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - ‘Arabian Gulf Security-4’ concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.