ദോഹ: സബാഹ് അല്‍അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ ഉം ലെഖ്ബ ഇൻറര്ചേഞ്ചിെൻറ പണികളിൽ 72 ശതമാനവും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ. ലാൻഡ്മാർക്ക് ഇൻറര്സെ ക്ഷനെന്നും അറിയപ്പെടുന്ന ഖത്തറിലെ ഏറ്റവും വലിയ ഇൻറ ര്ചേഞ്ചാണിത്. ഇതിെൻറ വിവിധ ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനത്തോട െ തുറക്കും. ബാക്കി 2020 അവസാനം വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് അശ്ഗാല്‍ പ്രോജക്ട് എൻജിനീയര്‍ അലി ഇബ്രാഹിം പറഞ്ഞു. 2020 അവസാന പാദത്തില്‍ നിർമാണം പൂര്‍ത്തിയാകുന്നതോടെ ഇവിടത്തെ ഗതാഗത സൗകര്യം ഗണ്യമായി മെച്ചപ്പെടും. യാത്രാ സമയത്തില്‍ 70 ശതമാനത്തിലധികം കുറവ് വരുത്താനും ഇതിലൂടെ സാധിക്കും.
ദോഹ എക്സ്പ്രസ് ഹൈവേയിലെ ഇമിഗ്രേഷന്‍, അല്‍ദുഹൈല്‍ ഇൻറർസെക്ഷനുകള് എന്നറിയപ്പെടുന്ന അല്‍ഗരാഫ ഇൻറര്ചേഞ്ചിലെ തിരക്ക് കുറക്കാനുമാകും. ദോഹ കോര്‍ണിഷ്, മാര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹൈല്‍ എന്നിവിടങ്ങളില്‍നിന്ന് അല്‍ശമാല്‍ റോഡ്, സബാഹ് അല്‍അഹ്മദ് ഇടനാഴി, അല്‍ഗറാഫ, ഗര്‍റാഫത്ത് അല്‍ റയ്യാന്‍ എന്നീ ദിശകളിലൂടെ അല്‍ലുഖ്ത, അല്‍റയ്യാന്‍ എന്നിവിടങ്ങളിലേക്ക് വേഗമെത്താനും ഇൻറര്‍ചേഞ്ച് സഹായിക്കും. 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇൻറര്‍ചേഞ്ച് ഖത്തറിലെ ഏറ്റവും നീളമേറിയതാണ്. നാല് ലെവലുകളുള്ള ഇൻറര്‍ചേഞ്ച് ഖത്തറിലെ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്. ഒമ്പത് പാലങ്ങളാണ് പദ്ധതിയിലുള്ളത്. എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതാണിത്.
മണിക്കൂറില്‍ 20,000ത്തിലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഒമ്പതു പാലങ്ങളില്‍ അഞ്ചെണ്ണം ഇരട്ടവരിയാണ്. ശേഷിക്കുന്നവ ഒറ്റവരിയും. അല്‍മര്‍ഖിയ സ്ട്രീറ്റിനും സബാഹ് അല്‍അഹ്മദ് ഇടനാഴിക്കും ഇടയില്‍ 700 മീറ്റര്‍ നീളമുള്ള അടിപ്പാത ഉള്‍ക്കൊള്ളുന്നതാണ് പുതിയ ജങ്ഷന്. ലാൻഡ്മാര്‍ക്ക്, എസ്ദാന്‍ മാളുകളോടു ചേര്‍ന്നുള്ള രണ്ട് ലൂപ്പ് ബ്രിഡ്ജുകളോടെയുള്ള ഗ്രൗണ്ട് ലെവല്‍, സബാഹ് അല്‍അഹ്മദ് ഇടനാഴിയെ അല്‍ശമാല്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന നാലു പാലങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. അല്‍ശമാല്‍ റോഡിലേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു മൂന്നു പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ഗറാഫയെ ദോഹയിലേക്കും അല്‍ശമാല്‍ റോഡിനെ സബാഹ് അല്‍അഹ്മദ് ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലങ്ങള്‍.
കുടിവെള്ള ശൃംഖല, വൈദ്യുതി, ഡ്രെയിനേജ് ശൃംഖല, വിവിധ ആശയവിനിമയ ശൃംഖല എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. നിരീക്ഷണ കാമറകള്‍, വാഹന നമ്പര്‍ മോണിറ്റര്‍, വാഹന വര്‍ഗീകരണം, അടിയന്തര ഗതാഗത സംവിധാനം എന്നിവയും ഇതിെൻറ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. അല്‍ശമാല്‍ റോഡിെൻറ ഏറ്റവും തിരക്കേറിയ ഭാഗമായതിനാലും വലിയ ഷോപ്പിങ്സെൻററുകളുള്ളതിനാലും ഉം ലെഖ്ബ ഇൻറര്ചേഞ്ചിെൻറ നിർമാണത്തില്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ശമാല്‍ റോഡിലെ ഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന വിധത്തിലാണ് നിര്‍മാണപ്രവൃത്തികൾ.
ഖത്തറിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇൻറര്‍ചേഞ്ച് കൂടിയാണ് ഉം ലെഖ്ബ. ജിറിങ് റോഡിലെ ഉംബിഷര് ഇൻറര്ചേഞ്ചാണ് ഏറ്റവും ഉയരമേറിയത്. 36 മീറ്ററാണ് ഈ ഇൻറര്ചേഞ്ചിെൻറ ഉയരം. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഉംലെഖ്ബ ഇൻറര്‍ചേഞ്ച് ദോഹയുടെ വടക്കന്‍ കവാടമെന്നും വിതരണകേന്ദ്രമെന്നും അറിയപ്പെടുന്നു. ദോഹ എക്സ്പ്രസ്വേ, അല്‍ മര്‍ഖിയ സ്ട്രീറ്റ്, സബാഹ് അല്‍അഹ്മദ് ഇടനാഴി എന്നിവയുമായി അല്‍ശമാല്‍ റോഡിനെ വിഭജിക്കുന്ന സുപ്രധാന സ്ഥലത്താണ് ഇൻറര്‍ചേഞ്ച് ഉള്ളത്. മാത്രമല്ല ജനസാന്ദ്രതയേറിയ സ്ഥലമാണ് എന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ, ആരോഗ്യകേന്ദ്രങ്ങള്‍, വാണിജ്യവിപണികള് എന്നിവയെല്ലാം ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.