ദോഹ: ഖത്തറിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെ നേരിയ തോതിൽ ലഭിച്ച മഴ, ന്യൂനമർദ്ദത്തെ തുടർന്ന കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും ഇടിമിന്നലോടുകൂടിയ മഴയും മേഘാവൃതമായ കാലാവസ്ഥയും തുടരുകയാണ്.
ബുധനാഴ്ച റാസ് ലഫാൻ, ബർസാൻ, റൗദത്തുൽ ഫറാസ് തുടങ്ങിയ വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. റാസ് ലഫാനിൽ 45.4 മില്ലീമീറ്ററും, ബർസാൻ (34.5 മില്ലീമീറ്റർ), റൗദത്തുൽ ഫറാസ് (28.3 മില്ലീമീറ്റർ), കതാറ (24 മില്ലീമീറ്റർ), അൽ ഖോർ (21.8 മില്ലീമീറ്റർ) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. അതേസമയം, ദോഹയിലും പരിസര പ്രദേശങ്ങളിലും താരതമ്യേന മിതമായ രീതിയിൽ മഴ ലഭിച്ചു. ദോഹയിലും 974 സ്റ്റേഡിയത്തിലും 6.3 മില്ലിമീറ്ററും മദീനത് അൽ ഷമാലിൽ 8.5 മില്ലിമീറ്ററും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 11.2 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.
വാരാന്ത്യങ്ങളിൽ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലും ശക്തമായ കാറ്റ്, കടൽക്ഷോഭം എന്നിവ ഉണ്ടാകുമെന്നും അറിയിപ്പിൽ വിശദീകരിച്ചു.
വെള്ളിയാഴ്ച അതിരാവിലെ മുതൽ, ഇടിമിന്നലോടുകൂടിയ കനത്ത മഴക്കും, 27 -21 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും വിശദീകരിക്കുന്നു. അലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ട്. ശനിയാഴ്ച, പകൽ മിതമായ കാലാവസ്ഥ തുടരുകയും രാത്രിയിൽ താരതമ്യേന തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. വാരാന്ത്യത്തിൽ വരെ കാറ്റിന്റെ വേഗത 5 മുതൽ 25 നോട്ട് വരെയും മഴയുള്ള നേരത്ത് ഇത് 55 നോട്ട് വരെ ഉയരാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം വിശദീകരിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ മുന്നൊരുക്കങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഴവെള്ളക്കെട്ട് ഓഴിവാക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ദ്രുത നടപടികൾ സ്വകരിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോൾ വേഗത കുറക്കണമെന്നും ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. റോഡുകളിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ അതിലൂടെ വാഹനം ഇറക്കുന്നത് ഒഴിവാക്കണം.
വീടുകളിലും പരിസരങ്ങളിലും ജാഗ്രത പാലിക്കണമന്ന് മുനിസിപ്പാലിറ്റ് മന്ത്രാലയവും ആവശ്യപ്പെട്ടു. പാർക്കുകളിലെയും തെരുവുകളിലെയും വൈദ്യുത തൂണുകൾ എന്നിവിടങ്ങളിൽ നിന്ന് കാൽനടക്കാർ വിട്ടുനിൽക്കണം. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.