ദോഹ: പശ്ചിമേഷ്യയിലെ യുദ്ധവും ഇറാന്റെ പ്രത്യാക്രമണവും ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി തുടരുമ്പോൾ, ഖത്തറിൽ അലേർട്ടുകളും മിസൈൽ പ്രതിരോധന ശബ്ദങ്ങളും ഇല്ലാതെ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും ഏഴു ദിനങ്ങൾ. മേഖലയിലെ സംഘർഷം തുടരുമ്പോഴാണ് ഖത്തറിൽ ആശങ്കകളില്ലാതെ ഒരാഴ്ച പിന്നിട്ടത്. മാർച്ച് 19ന് റാസ് ലഫാനിലെ മിസൈൽ ആക്രമണത്തിന് ശേഷം ഖത്തർ ശാന്തമാണ്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം മൂന്നാഴ്ചയോളം നീണ്ട പ്രതികൂല സാഹചര്യങ്ങൾക്കൊടുവിലാണ്, ചെറിയ പെരുന്നാളും കഴിഞ്ഞ് സാധാരണ നിലയിലേക്ക് നീങ്ങിയത്.
സംഘർഷ സാഹചര്യത്തിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർ ഓഫിസുകളിൽ നേരിട്ടെത്തി ജോലിയിൽ പ്രവേശിച്ച് തുടങ്ങി. അതേസമയം, ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പ്രതിരോധ നടപടികളും സുരക്ഷാ നിർദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിക്കുന്നു. ജോലിസ്ഥലത്തെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക, അടിയന്തര എക്സിറ്റുകൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയന്റുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും വിശദീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി നേരിട്ടുള്ള പഠന രീതിയിലേക്ക് മാറുകയാണ്. സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഓൺലൈനിലേക്ക് മാറിയ സ്കൂൾ -യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അടുത്തദിവസങ്ങളിൽ സാധാരണ നിലയിൽ പുനരാംരംഭിക്കുമെന്ന് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർഥികൾ വാരാന്ത്യ അവധി കഴിഞ്ഞ് 29 മുതൽ നേരിട്ട് സ്കൂളിലെത്തണം. നഴ്സറികൾ ബുധനാഴ്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്.
സംഘർഷ സാഹചര്യത്തിൽ സാമൂഹിക പരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കഴിഞ്ഞദിവസം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താൻ അനുവദിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിയും പൊതുസുരക്ഷ ഉറപ്പാക്കിയുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വ്യക്തികൾക്കോ സമൂഹത്തിനോ ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഖത്തർ വ്യോമാതിർത്തി ഇപ്പോൾ പൂർണ നിയന്ത്രണത്തിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കി. ഖത്തർ എയർവേയ്സ് നിയന്ത്രിത ഷെഡ്യൂളുകളിൽ നിലവിൽ സർവിസുകൾ നടത്തുന്നുണ്ട്. വ്യോമപാത ഭാഗികമായി തുറന്നതോടെ ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികളുടെ മടക്കയാത്രയും സാധ്യമായി.
രാജ്യത്തെ ഓരോ പൗരന്റെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കീഴിൽ ഖത്തരി ഭരണകൂടം നിർണായകമായ ഇടപെടലുകൾ നടത്തി. അടിയന്തര സാഹചര്യങ്ങളിൽ നിർദേശങ്ങൾ നൽകിയും ആവശ്യമായ മുന്നോരുക്കങ്ങൾ നടത്തിയും വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചു.
മേഖലയിലെ സംഘർഷം പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും രാജ്യം ജാഗ്രതയോടെ മൂന്നോട്ട് നീങ്ങുകയാണ്. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ദൈനംദിന കാര്യങ്ങളിൽ എല്ലാവരും സജീവമാകുന്നത് ഖത്തറിന്റെ അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും അടയാളമാണ്. വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കരുത്തോടെ മുന്നോട്ടുനീങ്ങുകയാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.