ദോഹ: ഇറാൻ പൈലറ്റുമാരുടെ തിരച്ചിൽ സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക സംഘത്തെ അയക്കാനുള്ള ക്ഷണം ഇറാനു മുന്നിൽ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് അൽ അൻസാരി. മുമ്പ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്ന് പ്രതിവാര വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും യുക്തിസഹമല്ലാത്തതുമാണ്. അന്താരാഷ്ട്ര, മാനുഷിക ബാധ്യതകൾ പൂർണ്ണമായും പാലിച്ചാണ് ഖത്തർ പ്രവർത്തിച്ചിട്ടുള്ളത്.
ഖത്തർ വ്യോമാതിർത്തി ലംഘിച്ച് ദോഹ നഗരത്തെ ലക്ഷ്യമിട്ടെത്തിയ ഇറാൻ വിമാനങ്ങളെ നിശ്ചിത സുരക്ഷാ ചട്ടങ്ങൾ അനുസരിച്ചാണ് നേരിട്ടത്. പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. തുടർന്ന് തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങൾ ഉടനടി രംഗത്തിറങ്ങി. ഒരു പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും വിവരം ഇറാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ഇറാനിയൻ അധികൃതർക്ക് കൈമാറുകയും അവർ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു.
ഇറാൻ പ്രതിനിധി സംഘത്തെ ക്ഷണിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നെങ്കിലും അനുകൂലമായല്ല പ്രതികരിച്ചത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും അധിനിവേശത്തെ നേരിടുന്നതിലും ഖത്തറിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.