ദോഹ: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ സുഗമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ വിമാനത്താവളം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്കും കുടുംബങ്ങൾക്കും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ജീവനക്കാർ 24 മണിക്കൂറും സന്നദ്ധരായിരിക്കും.
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി പ്രവേശന നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, ബഗേജ് ശേഖരണം, കുട്ടികൾക്കൊപ്പമുള്ള യാത്ര, യാത്രക്കാരെ സ്വീകരിക്കൽ എന്നിവ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചത്. അർഹരായ യാത്രക്കാർക്ക് ഇ -ഗേറ്റ്സ് വഴിയുള്ള Scan & Go സൗകര്യം ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
ലഗേജ് കലക്ഷൻ നടപടികൾ വേഗത്തിലാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാഗേജ് റിക്ലെയിം ഏരിയയിൽ വലിപ്പമുള്ള ബഗേജുകൾ ഉൾപ്പെടെ എല്ലാ ബാഗുകളും നിശ്ചിത ബെൽറ്റിൽ എത്തിക്കും. പുറത്ത് പോകുന്നതിന് മുമ്പ് ബാഗേജ് ടാഗ് പരിശോധിച്ച് ശരിയായ ബാഗാണെന്ന് ഉറപ്പാക്കണം. ബാഗേജ് കാണാതായാൽ അറൈവൽസ് ഹാളിലെ ബാഗേജ് സർവിസ് ഓഫിസുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
ചെറിയ കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ബേബി സ്‌ട്രോളറുകൾ ലഭ്യമായിരിക്കും. ടെർമിനലിലെ വിവിധ കോൺകോഴ്‌സുകളിലായി സ്‌ട്രോളർ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. കോൺകോഴ്‌സ് ഡി, ഇ എന്നിവിടങ്ങളിലെ നിശ്ചിത സ്റ്റേഷനുകളിൽ നിന്ന് സൗജന്യ ഷട്ടിൽ ബഗ്ഗി സർവിസ് ഉപയോഗിക്കാമെന്നും അധികൃതർ വിശദീകരിച്ചു.
യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിൽ നിന്ന് ദോഹയിലെത്താൻ വ്യത്യസ്ത ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. ദോഹ മെട്രോ, ടാക്സി-ബസ് പവലിയനുകൾ, കാർ റെന്റൽ, ലിമോസിൻ സേവനങ്ങൾ ഇതിനായി ആശ്രയിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് മാസത്തിൽ ദോഹയിലേക്ക് തിരിച്ചെത്തുന്ന പ്രവാസി കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.