ഖത്തറിലെ ഹജ്ജ് തീർഥാടകർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ക്ഷണിച്ചു

ദോഹ: ഹജ്ജ് തീർഥാടനത്തിന് തയാറെടുക്കുന്നവർക്കായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പി.​​എ​​ച്ച്.​​സി.​​സി) മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ വഴിയും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ നിർദ്ദേശങ്ങൾക്കും ഖത്തർ സർക്കാറിന്റെ ആരോഗ്യ നിബന്ധനകൾക്കും വിധേയമായാണ് പരിശോധനകളും സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നത്. തീർഥാടകർക്ക് യാത്രക്ക് മുന്നോടിയായി കൃത്യമായ ആരോഗ്യപരിശോധന ഉറപ്പുവരുത്താനും സുരക്ഷിതമായി ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കും.

മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ പി.എച്ച്.സി.സി ഫാമിലി മെഡിസിൻ സെന്ററുകളിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സ്വദേശികൾക്കും പ്രവാസികൾക്കും സേവനം പൂർണ്ണമായും സൗജന്യമാണ്. അതേസമയം, ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞ പ്രവാസികളിൽ നിന്ന് 30 ഖത്തരി റിയാൽ ഫീസായി ഈടാക്കും. തീർഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും ആവശ്യമായ ആരോഗ്യ പരിശോധന നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും പി.എച്ച്.സി.സി ഓർമിപ്പിച്ചു.

 പ്രവാസികൾക്കുള്ള നിബന്ധനകൾ:

-അപേക്ഷകർക്ക് കുറഞ്ഞത് 45 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം

-കുറഞ്ഞത് 15 വർഷമായി ഖത്തറിൽ താമസം പൂർത്തിയാക്കിയിരിക്കണം

- മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർ ആയിരിക്കണം

-അപേക്ഷകന് പുറമെ ഒരാളെക്കൂടി അനുഗാമിയായി ചേർക്കാം

- സൗദി അറേബ്യ വ്യക്തമാക്കിയ രോഗങ്ങളിൽ നിന്ന് മുക്തരായിരിക്കണം

-പ്രധാന അപേക്ഷകൻ പിന്മാറിയാൽ അപേക്ഷ പൂർണ്ണമായും റദ്ദാകും

- സാധുവായ ഖത്തരി ഐ.ഡിയും ഹെൽത്ത് കാർഡും നിർബന്ധമാണ്

Tags:    
News Summary - Applications invited for medical fitness certificates for Hajj pilgrims in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.