ഖത്തർ നീതിന്യായ മന്ത്രാലയം സ്പെഷലൈസ്ഡ് ലീഗൽ
ട്രെയിനിങ് പ്ലാൻ പ്രഖ്യാപിച്ചപ്പോൾ
ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ലീഗൽ ആൻഡ് ജുഡീഷ്യൽ സ്റ്റഡീസ് സെന്റർ 2026ലേക്കുള്ള സ്പെഷലൈസ്ഡ് ലീഗൽ ട്രെയിനിങ് പ്ലാൻ പ്രഖ്യാപിച്ചു. പ്രൊഫഷനൽ വികസനത്തിനായുള്ള ജനറൽ ട്രാക്കിന് പുറമെ, വിവിധ നിയമ മേഖലകളിലുള്ളവർക്കായി പ്രത്യേകം തയാറാക്കിയ പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. നിയമരംഗത്തെ നൂതനമായ മാറ്റങ്ങൾ, നിയമനിർമാണം, ജുഡീഷ്യൽ നടപടിക്രമങ്ങൾ എന്നിവയിൽ പ്രൊഫഷനലുകളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി ദേശീയ കേഡർമാരുടെ നിയമപരമായ കഴിവുകൾ വികസിപ്പിക്കുകയും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുക എന്നതും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. ഏകദേശം 110 നിയമ പ്രൊഫഷനലുകൾക്ക് ഈ വർഷം പരിശീലനം ലഭിക്കും. ഇതിൽ 23ാമത് ലീഗൽ പ്രൊഫഷനൽസ് ക്വാളിഫിക്കേഷൻ പ്രോഗ്രാമിലെ 94 പേരും, ട്രെയിനി അഭിഭാഷകർക്കായുള്ള 16ാമത് നിർബന്ധിത പരിശീലന പരിപാടിയിലെ 16 പേരും ഉൾപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ 118 സ്പെഷ്യലൈസ്ഡ് കോഴ്സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിമാസം ശരാശരി എട്ട് കോഴ്സുകൾ വീതം നടക്കും.
നിയമരംഗത്ത് എ.ഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും മുൻഗണന നൽകും. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി സംഘടിപ്പിച്ച ആമുഖ യോഗത്തിൽ ലീഗൽ ആൻഡ് ജുഡീഷ്യൽ സ്റ്റഡീസ് സെന്റർ ഡയറക്ടർ ഡോ. അബ്ദുല്ല ഹമദ് അൽ ഖാലിദി മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു. ഖത്തറി നിയമ -ജുഡീഷ്യൽ കേഡർമാരെ ഉയർന്ന നിലവാരത്തിൽ വാർത്തെടുക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറി, പബ്ലിക് പ്രോസിക്യൂഷൻ, മറ്റ് നിയമ മേഖലകൾ എന്നിവിടങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഈ പരിശീലനം മുതൽക്കൂട്ടാകും. നീതിന്യായ മന്ത്രാലയത്തിന്റെ 2025 -2030 സ്ട്രാറ്റജിക് പദ്ധതിയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.