മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ക്രം അ​ഫീ​ഫ്, മി​ക​ച്ച കോ​ച്ച്​ മാ​ർ​ക്വ​സ്​ ലോ​പ​സ്

ഖത്തർ ഫുട്ബാൾ: അക്രം അഫീഫ് മികച്ച താരം; മാർക്വസ് ലോപസ് പരിശീലകൻ

ദോഹ: ഈ വർഷത്തെ ഖത്തർ ഫുട്ബാൾ അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. അൽസദ്ദ് സ്ട്രൈക്കർ അക്രം അഫീഫിനെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. അൽവക്റ ക്ലബിന്‍റെ പരിശീലകൻ മാർക്വസ് ലോപസാണ് മികച്ച പരിശീലകൻ.

ഖത്തർ സ്റ്റാർസ് ലീഗ് ടീം പരിശീലകർ, ഖത്തർ ദേശീയ ടീം പരിശീലകൻ ഫെലിക്സ് സാഞ്ചസ്, ഖത്തർ ഒളിമ്പിക് ടീം പരിശീലകൻ, ക്ലബ് ടീം മാനേജർമാർ, ദേശീയ ടീം മാനേജർ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത വോട്ടെടുപ്പിനൊടുവിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട അക്രം അഫീഫ്, അൽ സദ്ദിനായി ഈ സീസണിൽ 18 മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടുകയും 17 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഒരുമത്സരവും പരാജയപ്പെടാതെ സീസൺ പൂർത്തിയാക്കിയ അൽസദ്ദിന് ഫാൽക്കൺ ഷീൽഡ് നേടിക്കൊടുക്കുന്നതിലും അക്രം അഫീഫ് വലിയ പങ്കുവഹിച്ചു.

ദുഹൈലിന്‍റെ മൈക്കൽ ഒലുംഗ, വക്റയുടെ ജാസിന്‍റോ ഡാല എന്നിവരായിരുന്നു മികച്ച താരത്തിനായി മത്സര രംഗത്തുണ്ടായിരുന്ന മറ്റു രണ്ടുപേർ. ഇവരെ പിന്തള്ളി 68 ശതമാനം വോട്ട് നേടിയാണ് അക്രം അഫീഫ് നേട്ടം കരസ്ഥമാക്കിയത്. 20 മത്സരങ്ങളിൽനിന്ന് 24 തവണ ലക്ഷ്യംകണ്ട ഒലുംഗ, ടോപ് സ്കോറർക്കുള്ള മൻസൂർ മുഫ്ത പുരസ്കാരം നേടി.

ദുഹൈൽ കോച്ച് ലൂയിസ് കാസ്ട്രോ, അൽഅറബി കോച്ച് യൂനിസ് അലി എന്നിവരെ പിന്തള്ളി 71 ശതമാനം വോട്ട് നേടിയാണ് മാർക്വസ് ലോപസ് ഒന്നാമതെത്തിയത്. അൽവക്റ ക്ലബിനെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് ലോപസിന് തുണയായത്. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗറാഫയുടെ ഹുമാം അൽഅമീൻ മികച്ച അണ്ടർ23 താരത്തിനുള്ള അവാർഡ് നേടി. റയ്യാൻ താരം ഹാഷിം അലി, ദുഹൈലിന്‍റെ സലാഹ് സകരിയ്യ എന്നിവരെയാണ് അൽഅമീൻ പിന്നിലാക്കിയത്. ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ഫുട്ബാൾ ഫോർ ഓൾ അവാർഡ് സുപ്രീം കമ്മിറ്റിക്ക് കീഴിലുള്ള ജനറേഷൻ അമേസങ് കരസ്ഥമാക്കി. 

Tags:    
News Summary - Qatar Football: Akram Afif named best player; Coach Marquez Lopez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.