ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്​ സമിതി ആസ്​ഥാനം

ഖത്തർ ഇ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തി​ൽ

ദോഹ: രണ്ട്​ മാസത്തിലേറെ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ ഖത്തർ ഇന്ന്​ പോളിങ്​ സ്​റ്റേഷനിൽ. ഭരണ നിർവഹണത്തിൽ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനായി രാജ്യത്തെ വോട്ടർമാർ ശനിയാഴ്​ച 30 ഇലക്​ടറൽ മണ്ഡലങ്ങളിൽ സമ്മതിദാനാവകാശം വി​നിയോഗിക്കാനായെത്തും. ജനാധിപത്യ മാർഗത്തിലെ ആദ്യ ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിനാണ്​ ഖത്തർ വേദിയാവുന്നത്​. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ ആറു വരെ നടക്കുന്ന വോ​ട്ടെടുപ്പിൽ നേരത്തെ രജിസ്​റ്റർ ചെയ്​ത്​ വോട്ടുറപ്പിച്ച പൗരന്മാർക്ക്​ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാം.

ഖത്തറി​െൻറ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്ന​ വോ​ട്ടെടുപ്പിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പ്രചാരണ പരിപാടികൾക്കെല്ലാം 24 മണിക്കൂർ മു​േമ്പ സമാപനം കുറിച്ചാണ്​ ജനങ്ങൾ പോളിങ്​ സ്​റ്റേഷനുകളിലെത്തുന്നത്​. 30 ഇലക്​ടറൽ ജില്ലകൾക്കും അതത്​ ജില്ല ആസ്​ഥാനങ്ങളിലാണ്​ പോളിങ്​ സ്​റ്റേഷൻ.

30 മണ്ഡലങ്ങളിലേക്കായി 252 സ്​ഥാനാർഥികളാണ്​ മത്സരരംഗത്തുള്ളത്​. ഇവരിൽ 27 പേർ വനിതകളാണ്​. കൗൺസി​ലിലെ 15 അംഗങ്ങളെ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി നാമനിർദേശം ചെയ്യും. നാലു വർഷത്തേക്കാണ്​ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ കാലാവധി.

അഞ്ചാം നമ്പർ മണ്ഡലത്തിൽ വോ​ട്ടെടുപ്പ്​ ഇല്ലാതെ തന്നെ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്​ഥാനാർഥികളില്ലാതായതോടെ ഹസ്സൻ അബ്​ദുല്ല ഗനിം അൽ ഗനിം ആണ്​ വോ​ട്ടെടുപ്പിനുമു​േമ്പ വിജയിയായത്​.

സജീവമായിരുന്നു തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികൾ. വിവിധ വികസന പദ്ധതികൾ മുതൽ യുവാക്കളുടെയും സ്​ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടിയുള്ള വാഗ്​ദാനങ്ങൾ വരെ മുന്നോട്ടുവെച്ചാണ്​ ഓരോ സ്​ഥാനാർഥിയും വോട്ടു തേടിയത്​.

കോവിഡ്​ കാരണം നിയന്ത്രണങ്ങളോടെയാണ്​ പ്രചാരണ പരിപാടികൾ നടന്നത്​. ​മീഡിയ കമ്മിറ്റി ഒരുക്കിയ പ്രത്യേക സ്​ഥലങ്ങളിൽ സെമിനാറുകളും യോഗങ്ങളുമായി മത്സരാർഥികൾ വോട്ടർമാരെ കണ്ടു. തങ്ങളുടെ സ്വപ്​നങ്ങളും പദ്ധതികളുമെല്ലാം ജനങ്ങളുമായി സംവദിച്ചാണ്​ വോട്ടുതേടിയത്​. സെമിനാറുകളിലും ചർച്ചാ വേദികളിലും സ്​ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം സജീവം. ട്വിറ്റർ, ഇൻസ്​റ്റ, ഫേസ്​ ബുക്ക്​​ പേജുകളും വിഡിയോ ഷെയറിങ്​ വെബ്​സൈറ്റുകളും ​പ്രചാരണത്തിലെ പ്രധാന കേന്ദ്രങ്ങളായി.

ഭരണസമിതിക്ക്​ കൂടുതൽ അധികാരങ്ങൾ

അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ നിർദേശത്തെ തുടർന്നാണ്​ ഖത്തറി​െൻറ നിയമ നിർമാണ സഭയിലേക്ക്​ ജനാധിപത്യ മാതൃകയിലെ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നത്​. 2020 നവംബർ മൂന്നിന് നടന്ന 49ാം സെഷനിലായിരുന്നു അമീറി​െൻറ പ്രഖ്യാപനം. പിന്നാലെ തെരഞ്ഞെടുപ്പി​െൻറ സജീവ ഒരുക്കങ്ങളായി. പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നടപടി ക്രമങ്ങൾ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി അധ്യക്ഷനും മന്ത്രിമാരും ഉന്നത വ്യക്തികളും വിദഗ്ധരും അംഗങ്ങളായുള്ള സമിതിക്കു കീഴിൽ പ്രത്യേക മേൽനോട്ട സമിതിയും രൂപവത്​കരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് വിഭാഗം മേധാവി മേജർ ജനറൽ മാജിദ് ഇബ്രാഹിം അൽ ഖുലൈഫിയാണ്​ മേൽനോട്ട സമിതി അധ്യക്ഷൻ. ഇലക്​ടറൽ ജില്ലകളുടെ രൂപവത്​കരണം, തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടങ്ങൾ തയാറാക്കൽ, വോട്ടർമാരുടെ രജിസ്​ട്രേഷൻ, സ്​ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിക്കൽ, പ്രചാരണ പ്രവർത്തനങ്ങൾക്ക്​ ​മേൽനോട്ടം വഹിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം സമിതിക്കായിരുന്നു. 290ഓളം ​സ്​ഥാനാർഥികളായിരുന്നു വിവിധ മണ്ഡലങ്ങളിലായി നാമനിർദേശം നൽകിയത്​. ഇവരിൽനിന്നും നിരവധി പേർ പിൻവാങ്ങിയതോടെ മത്സരരംഗത്ത്​ 252 പേരായി. അവരിൽ 27 സ്​ത്രീകളുടെ സാന്നിധ്യമാണ്​ ശ്രദ്ധേയം.

കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമായാവും പുതിയ ഭരണ സമിതി ഭരണത്തിലേറുക.

പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഭരണകർത്താക്കളെ കൗൺസിലിന് മുന്നിൽ ഹാജരാക്കാനും ശാസിക്കാനും മന്ത്രിമാരെ പിരിച്ചുവിടാനും സർക്കാി‍െൻറ സാമ്പത്തിക കൈകാര്യകർത്വത്തിൽ ഇടപെടാനും ബജറ്റിന് അംഗീകാരം നൽകാനുമൊക്കെ അധികാരമുണ്ടായിരിക്കും.

കഴിഞ്ഞ വർഷം നടന്ന സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പി​െൻറ പരിചയത്തിലാണ്​ രാജ്യം ശൂറ കൗൺസിലിലേക്ക്​ ഇന്ന്​ വോട്ടു ചെയ്യാനായി ഇറങ്ങുന്നത്​. 


ഫലം ഇന്നറിയാം

പിതാമഹൻ ഖത്തറിൽ ജനിച്ച, അതുവഴി പൗരത്വമുള്ള 18 വയസ്സ്​ തികഞ്ഞവർക്കാണ്​ വോട്ടവകാശം. ഈ മാനദണ്ഡ പ്രകാരം പട്ടിക നേരത്തെതന്നെ തയാറാക്കിയിരുന്നു. ഓരോ ഇലക്​ട്റൽ ​ജില്ലകൾക്കും പ്രത്യേകം പോളിങ്​ സ്​റ്റേഷനുകൾ തയാറാണ്​. രാവിലെ എട്ടിന്​​ സ്​റ്റേഷനുകൾ പ്രവർത്തനമാരംഭിക്കും. ഇവിടെ നേരി​ട്ടെത്തി വോട്ടു ചെയ്യാം. ഖത്തർ ഐ.ഡിയാണ്​ വോ​ട്ടർമാരുടെ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നത്​. കോവിഡ്​ പ്രോ​ട്ടോകോ​ൾ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങളെന്ന്​ അധികൃതർ അറിയിച്ചു. വൈകീട്ട്​ ആറിന്​ വോട്ടിങ്​ അവസാനിച്ചതിനു പിന്നാലെ വോ​ട്ടെണ്ണലും ആരംഭിക്കും. ഏറ്റവും കൂടുതൽ വോട്ട്​ ലഭിക്കുന്നവരാവും വിജയി. അതേസമയം, ഒന്നിലധികം പേർക്ക്​ തുല്യവോട്ടായാൽ അതത്​ ഇലക​്​ടൽ ജില്ലയുടെ ഇലക്​ടറൽ കമ്മിറ്റി തലവന്​ കാസ്​റ്റിങ്​ വോട്ട്​ ചെയ്​ത്​ വിജയിയെ പ്രഖ്യാപിക്കാം.

Tags:    
News Summary - Qatar at the polling booth today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.