ബന്ദിമോചന ശ്രമത്തിൽ പുരോഗതിയെന്ന്​ ഖത്തർ പ്രധാനമന്ത്രി

ദോഹ: അന്താരാഷ്​ട്ര മര്യാദകളെല്ലാം ലംഘിച്ച്​ ഇസ്രായേൽ നടത്തുന്ന ആ​ക്രമണങ്ങൾ മേഖലയെ മുഴുവൻ കുഴപ്പത്തിലേക്ക്​ തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ആഴ്​ചകളായി ഇസ്രായേൽ തുടരുന്ന യുദ്ധത്തിനും നിഷ്​ഠൂരമായ ആക്രമണങ്ങൾക്കുമെതിരെ ആഞ്ഞടിച്ചത്​.

മുഴുവൻ മേഖലയെയും കുഴപ്പത്തിലെത്തിക്കുന്നത്​ അസഹനീയമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും, എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോടും അന്താരാഷ്​​ട്ര സമൂഹത്തോളം ആവശ്യപ്പെട്ടു.

‘സമാധാനം സ്​ഥാപിക്കാനുള്ള ശ്രമങ്ങൾ മറ്റു ലോകരാജ്യങ്ങളുമായി ചേർന്ന്​ ഖത്തർ തുടരും. ഹമാസ്​ തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ട് -ഖത്തർ പ്രധാനമന്ത്രി വ്യക്​തമാക്കി​. താമസിയാതെ ഫലപ്രാപ്​തിയിലെത്തുമെന്ന ശുഭാപ്​തി വിശ്വാസവും പ്രകടിപ്പിച്ചു.

സമാധാനപരമായ പരിഹാരത്തിലെത്താനുള്ള ഏക വഴി ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക എന്നതാണെന്നും തുർക്കിയുമായും പ്രാദേശിക പങ്കാളികളുമായും ഖത്തർ ഇക്കാര്യത്തിൽ ഏകോപനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകരാജ്യങ്ങളുടെ ഏകപക്ഷീയമായിമാറുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു. യുദ്ധ​ത്തിന്‍റെ പേരിൽ നഷ്​ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്​, എന്നാൽ ഒരു വശത്തെ ജീവഹാനിയെ കുറിച്ചു മാത്രമല്ല, എല്ലാ നഷ്​ടങ്ങളും അപലപിക്കപ്പെടേണ്ടതാണ്​ -അദ്ദേഹം വിശദീകരിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനും, കൂടുതൽ ഇടങ്ങളിലേക്ക്​ വ്യാപിക്കുന്നത്​ തടയുന്നതിനും ബന്ദി മോചനത്തിനുമായി ഖത്തർ ശ്രമിക്കു​േമ്പാൾ ഇസ്രായേലിന്‍റെ പക്ഷത്തു നിന്നും രാഷ്​ട്രീയ താൽപര്യങ്ങളുടെ പേരിൽ നടത്തുന്ന ചില പ്രസ്​താവനകൾ നിരാശപ്പെടുത്തുന്നതാണെന്ന്​ പ്രധാനമന്ത്രി വ്യക്​തമാക്കി. 

Tags:    
News Summary - Prime Minister of Qatar says that there is progress in the effort to release the hostages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.