ഒണത്തെ വരവേറ്റുകൊണ്ട് ഖത്തറിലെ വീട്ടിൽ പൂക്കളമൊരുക്കിയ കുട്ടികൾ
ദോഹ: കോവിഡിൻെറ ഭീതിയെല്ലാം അകന്നു. പിരിമുറുക്കത്തിെൻറ കാലം മാറി. ലോകമെങ്ങുമുള്ള മലയാളികൾക്കു മുന്നിലേക്ക് ആശ്വാസത്തിൻെറ ഓണനാൾ വരുകയാണ്. ആണ്ടിലൊരിക്കൽ വിരുന്നുവരുന്ന മാവേലിയെ പോലും അകറ്റിനിർത്തിയ കഴിഞ്ഞ വർഷം കോവിഡ് സമ്മാനിച്ച ആശങ്കയുടെ നാളുകൾ വിട്ട് കൂടുതൽ സന്തോഷത്തോടെ ഓണത്തെ വരവേൽക്കാൻ ഖത്തറിലെ മലയാളിക്കൂട്ടങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കോവിഡല്ല, ഏതു മഹാമാരി വന്നാലും ഓണഘോഷ പതിവ് തെറ്റിക്കാത്ത മലയാളിക്ക് വെർച്വലായിരുന്നു കഴിഞ്ഞ ഓണത്തിെൻറ ഓർമകൾ. ഇക്കുറി നിയന്ത്രണങ്ങളെല്ലാം വലിയൊരളവു വരെ നീങ്ങുകയും കോവിഡ് വാക്സിൽ എല്ലാവർക്കും ലഭ്യമാവുകയും ചെയ്തതോടെ ഓണം ആഘോഷിക്കാനുള്ള ഒരുക്കവും തകൃതിയാണ്.
വലിയ ഹൈപർമാർക്കറ്റുകൾ മുതൽ ചെറുകിട സ്ഥാപനങ്ങൾ വരെ ഓണ വിപണിയായി മാറിക്കഴിഞ്ഞു. സദ്യവട്ടം മുതൽ പൂക്കളും വസ്ത്രങ്ങളും വരെ സംഘടിപ്പിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ആളുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പൂക്കൾ എത്തി മണിക്കൂർ തികയും മുേമ്പ വിറ്റു തീരുന്നതായി വ്യാപാരികൾ പറയുന്നു. ശനിയാഴ്ചയാണ് തിരുവോണം. എന്നാൽ, വെള്ളിയാഴ്ചയിലെ പൊതുഅവധി ദിനത്തെ തിരുവോണമാക്കി ആഘോഷിക്കാനാണ് ഖത്തറിലെ പ്രവാസി സമൂഹത്തിെൻറ ഒരുക്കം.
കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലുകൾക്കുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന വിപുലമായ ഒാണാഘോഷങ്ങൾ ഇക്കുറിയുമുണ്ടാവില്ല. രണ്ടുവർഷം മുമ്പത്തെ പോലെ മാസങ്ങൾ നീളുന്ന ഓണാഘോഷ പരിപാടികൾക്കും, നാട്ടിൽ നിന്നടക്കം അതിഥികൾ എത്തിയുള്ള പൊലിമകൾക്കും ഇനിയും കാത്തിരിക്കണം. എങ്കിലും വാക്സിൻ എടുത്തവർക്ക് ഇൻഡോറിൽ 20ഉം, ഔട്ഡോറിൽ 35ഉം വരെ ആളുകൾക്ക് ഒന്നിച്ചുകൂടാൻ ആരോഗ്യമന്ത്രാലയത്തിൻെറ അനുമതിയുണ്ട്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓൺലൈനിൽ പൂക്കള മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒാണ വിഭവങ്ങളെല്ലാം നേരത്തേതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാട്ടിൽനിന്ന് ചരക്കുവിമാനങ്ങളിൽ ഓണക്കാലത്തേക്ക് മാത്രമായി പ്രത്യേകസാധനങ്ങളാണ് വിപണിയിലെ വമ്പന്മാരും ചെറുകിടക്കാരും എത്തിച്ചത്. ഏത്തപ്പഴം, പൂവൻ, രസകദളി, ചുവന്ന പൂവൻ, പാളയംേകാടൻ, പച്ചക്കായ തുടങ്ങിയ വാഴപ്പഴ ഇനങ്ങളെല്ലാം എത്തിയിട്ടുണ്ട്. പച്ച മാങ്ങ, മുരിങ്ങക്കായ, വെള്ളരി, അമരക്ക, കറിനാരങ്ങ, ചേമ്പ്, കാന്താരി മുളക് , കാന്താരി മുളക് തുടങ്ങിയ മുളകിനങ്ങളും കാച്ചിൽ, ചേമ്പ്, കൂർക്ക, പടവലം, പയർ, ചെറിയ ഉള്ളി തുടങ്ങിയവയും ഉണ്ട്. നിരവധി ഇനം പൂക്കളും എത്തിയിട്ടുണ്ട്. ഒരു കെട്ട് പൂവിന് 17.5 റിയാലാണ് വില. എല്ലാ റസ്റ്റാറൻറുകളും ഒാണസ്സദ്യക്കായി ഒരുങ്ങികഴിഞ്ഞു.
സദ്യ സംബന്ധിച്ച അന്വേഷണങ്ങളും ഒാർഡറുകളും നിരവധിയാണ് ലഭിക്കുന്നതെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. സദ്യക്കൂട്ടിെൻറ എണ്ണത്തിനനുസരിച്ചാണ് വില ഈടാക്കുന്നത്. 20 റിയാൽ മുതൽ 40 റിയാൽ വരെ വിലയിൽ സദ്യകൾ ലഭ്യമാണ്. മൂന്ന് തൂശനില അടങ്ങുന്ന പാക്കിന് ഒരു റിയാലാണ് വിപണി വില. സാമ്പാർ മിക്സ്, അവിയൽ മിക്സ് എന്നിങ്ങനെ റെഡിമെയ്ഡ് മിക്സുകളും വിപണിയിലുണ്ട്. ഖത്തറിലെ പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ ലുലു, ഗ്രാൻഡ്, സഫാരി എന്നിവിടങ്ങളിൽ പ്രത്യേക ചന്തകൾതന്നെ ഓണത്തിന് മുന്നോടിയായി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.