ദോഹ: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ പുതിയ പാസ്പോർട്ടുകൾ എൻട്രി ചെയ്യാൻ അവസരമില്ലെന്ന് പരാതി. ഇന്ത്യക്ക് പുറത്തു ജനിച്ച വോട്ടർമാർക്ക് അവരുടെ ജന്മസ്ഥലം രേഖപ്പെടുത്താനുള്ള അവസരവും ലഭ്യമല്ല. പ്രവാസികൾ സമർപ്പിക്കേണ്ട ഫോം 6 എയിൽ എസ്.ഐ.ആർ ഡിക്ലറേഷന്‍ അവസരമില്ലാത്തതും ആശങ്കക്കിടയാക്കുന്നു. വിദേശരാഷ്ട്രങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസികൾ ഫോം 6 എ വഴിയാണ് വോട്ടർപട്ടികയിൽ പേരു ചേർക്കേണ്ടത്.
എന്നാൽ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നീട് അക്കവുമുള്ള പുതിയ പാസ്പോർട്ടുകൾ എൻട്രി ചെയ്യാൻ ഫോമിൽ ഓപ്ഷൻ ലഭ്യമല്ലെന്നാണ് പരാതി. ആദ്യം ഒരു ഇംഗ്ലീഷ് അക്ഷരവും പിന്നീട് അക്കങ്ങളുമുള്ള പഴയ പാസ്പോർട്ടുകൾ എൻട്രി ചെയ്യാൻ ഈ പ്രശ്നം നേരിടുന്നില്ല. പുതുതായി പാസ്പോർട്ട് എടുത്തവരും പാസ്പോർട്ട് പുതുക്കിയവരുമാണ് ഈ പ്രശ്നം അനുഭവിക്കുന്നത്. വിദേശത്തു ജനിച്ചവരുടെ ജന്മസ്ഥലം രേഖപ്പെടുത്താനും ഫോം 6 എയിൽ ഓപ്ഷനില്ല. ഇന്ത്യക്ക് പുറത്തു ജനിച്ച ലക്ഷക്കണക്കിന് പേരാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ ഇപ്പോൾ വോട്ടു ചേർക്കാൻ ശ്രമിക്കുന്നത്.
ഫോം 6എയിൽ എസ്.ഐ.ആർ ഡിക്ലറേഷൻ ലഭ്യമല്ലാത്തതിലും ആശങ്ക നിലനിൽക്കുകയാണ്. അവസാന നിമിഷം എസ്.ഐ.ആർ ഡിക്ലറേഷൻ നേരിട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഭൂരിപക്ഷം പ്രവാസികൾക്കും അത് സാധ്യമാകില്ല. കൂടാതെ, പുതുതായി അപേക്ഷിക്കുന്നവർക്ക് മറ്റു കാരണങ്ങളാൽ ഓൺലൈൻ വഴി എൻറോൾ ചെയ്യാൻ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷണറുടെ വെബ്സൈറ്റ് പലപ്പോഴും വിദേശരാജ്യങ്ങളിൽ ആക്സസ് ലഭ്യമാവുന്നുമില്ല. ഇത് ഇപ്പോൾ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിലവിൽ വോട്ടർ ആണോ എന്ന് പരിശോധിക്കുന്നതിനും സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.