‘ലൗഹ് വ ഖലം’ എം.എഫ്. ഹുസൈൻ മ്യൂസിയം
ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ‘ലൗഹ് വ ഖലം’ എം.എഫ്. ഹുസൈൻ മ്യൂസിയം പുതിയ ‘ലേണിങ് ആൻഡ് ഔട്ട്റീച്ച് പ്രോഗ്രാമിന്’ തുടക്കം കുറിച്ചു. മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് പുതിയ ചുവടുവെപ്പ്. ഡിസംബർ 21 മുതൽ 31 വരെ നടക്കുന്ന പരിപാടിയിൽ വിവിധ പ്രായക്കാർക്കായി പ്രത്യേക സെഷനുകൾ ക്രമീകരിക്കുന്നുണ്ട്.
കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കുമായി പഠനയാത്രകളും ശിൽപശാലകളും ഇതിൽ ഉൾപ്പെടുന്നു. കലാസൃഷ്ടികൾ കണ്ടുമനസ്സിലാക്കാനും ചർച്ച ചെയ്യാനും സർഗാത്മകമായി ഇടപെടാനുമുള്ള അവസരമാണിത്. ഗാലറികൾ സന്ദർശിച്ചശേഷം, കണ്ട കാര്യങ്ങളെ മുൻനിർത്തി പ്രായോഗിക പരിശീലനം നൽകുന്ന രീതിയിലാണ് സെഷനുകൾ ചിട്ടപ്പെടുത്തുന്നത്. നിറങ്ങൾ, രൂപങ്ങൾ, കഥ പറച്ചിൽ, ചലനം, അബ്സ്ട്രാക്ഷൻ തുടങ്ങിയ ഹുസൈന്റെ സൃഷ്ടികളിലെ പ്രധാന ആശയങ്ങളാണ് അഞ്ച് സെഷനുകളിലായി പകർന്നുനൽകുന്നത്.
സജീവമായ പഠനത്തിനുള്ള ഇടമെന്നനിലയിൽ ലൗ വ ഖലം മ്യൂസിയത്തിനുള്ള പ്രാധാന്യമാണ് പരിപാടിയിലൂടെ വ്യക്തമാക്കുന്നതെന്ന് കമ്യൂണിക്കേഷൻസ് ഔട്ട്റീച്ച് മാനേജർ ജവാഹർ അൽ മറി പറഞ്ഞു. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും കലാസൃഷ്ടികളുമായി ക്രിയാത്മകമായും ചിന്താപരമായും വ്യക്തിപരമായും ഇടപഴകാൻ ശിൽപശാലകൾ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എജുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ലൗ വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം 2025 നവംബറിലാണ് തുറന്നത്. ആധുനിക ചിത്രകാരന്മാരിൽ പ്രമുഖനും ഇന്ത്യക്കാരനുമായ മഖ്ബൂൽ ഫിദ ഹുസൈന്റെ ജീവിതത്തിനും കൃതികൾക്കുമായി സമർപ്പിച്ചിരിക്കുന്നതാണ് ഈ മ്യൂസിയം. പെയിന്റിങ്, സിനിമ, ഫോട്ടോഗ്രാഫി തുടങ്ങി ഹുസൈന്റെ 150ലധികം യഥാർഥ സൃഷ്ടികളും വ്യക്തിപരമായ വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയ ആശയങ്ങളും സാംസ്കാരിക പശ്ചാത്തലങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് https://lawhwaqalam.org.qa എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവിധ പ്രായക്കാർക്കുള്ള പരിപാടികൾ
4-7 വയസ്സുള്ളവർക്ക്: ഷേപ്സ് ആൻഡ് കളേഴ്സ്’ ശിൽപശാല. ഗാലറി സന്ദർശനത്തിലൂടെ പ്രാഥമിക നിറങ്ങളെയും രൂപങ്ങളെയും പരിചയപ്പെടുത്തുന്നതിനൊപ്പം കൊളാഷ് നിർമാണവും ഇതിൽ ഉൾപ്പെടുന്നു.
8-12 വയസ്സുള്ളവർക്ക്: ‘സ്റ്റോറീസ് ഇൻ ദി സിറ്റി: റീ ഇമാജിനിങ് അർബൻ ലൈഫ് ത്രൂ എം.എഫ്. ഹുസൈൻസ് ഐസ്’. ദൃശ്യങ്ങളിലൂടെ കഥ പറയുന്ന രീതിയാണിത്. രചനാരീതികളും പ്രതീകങ്ങളും ഉപയോഗിച്ച് കലാകാരന്മാർ ആശയവിനിമയം നടത്തുന്നതെങ്ങനെയെന്ന് ഇത് പഠിപ്പിക്കുന്നു.
13-17 വയസ്സുള്ളവർക്ക്: ‘ഡൈനാമിക് നാരേറ്റീവ്സ്: മൂവ്മെന്റ്, സ്റ്റോറി ആൻഡ് അബ്സ്ട്രാക്ഷൻ’. ആശയവിനിമയത്തിനുള്ള ഉപാധികളായി ചലനം, താളം, അബ്സ്ട്രാക്ഷൻ എന്നിവയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതാണ് ഈ സെഷൻ.
കുടുംബങ്ങൾക്ക്: ‘ആർട്ട് ഇൻ ദി പാർക്ക്: കളക്ടീവ് ഔട്ട്ഡോർ മ്യൂറൽ എക്സ്പീരിയൻസ്’. ഗാലറികൾക്ക് പുറത്ത് നടക്കുന്ന ഈ ശിൽശാലയിൽ നിരീക്ഷണവും പെയിന്റിങ്ങും ഒത്തുചേരുന്നു. എല്ലാവരും ചേർന്ന് ഒരു ഔട്ട്ഡോർ മ്യൂറൽ തയാറാക്കുന്ന സെഷനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.