ദോഹയിലെ ഗൾഫ് സിനിമ കോംപ്ലക്സ്
ദോഹ: സിനിമയും സംഗീതവിരുന്നുകളും കലാപരിപാടികളുമായി ഒരുപതിറ്റാണ്ട് മുമ്പുവരെ ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന ‘ഗൾഫ് സിനിമ കോംപ്ലക്സിന് പുതുജീവൻ വെക്കുന്നു. അരനൂറ്റാണ്ടോളം സ്വദേശികളുടെയും താമസക്കാരുടെയും സാംസ്കാരിക ജീവിതത്തിന് അടിത്തറയിട്ട ഗൾഫ് സിനിമ പുനരുജ്ജീവിപ്പിക്കാൻ ഖത്തർ മ്യൂസിയവും ഖത്തർ സിനിമ കമ്പനിയും കൈകോർക്കുന്നു.
ഇതുസംബന്ധിച്ച് ഇരു വിഭാഗവും കഴിഞ്ഞ ദിവസം ധാരണപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിലെ ആദ്യ സിനിമ സമുച്ചയമായി 1972ലാണ് ദോഹ വിമാനത്താവളത്തിൽനിന്നും അധികം ദൂരെയല്ലാതെ നഗരത്തിരക്കിനിടയിൽ ‘ഗൾഫ് സിനിമ’ തുറന്നു നൽകുന്നത്. വിനോദോപാധികൾ ഏറെയൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് സ്വദേശി-താമസക്കാർ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന തിരക്കേറിയ കേന്ദ്രമായി ഗൾഫ് സിനിമ മാറി.
ഗൾഫ് സിനിമ പുനരുദ്ധാരണം സംബന്ധിച്ച് ഖത്തർ മ്യൂസിയം- ഖത്തർ സിനിമകമ്പനി പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചപ്പോൾ
സമുച്ചയം നിലനിന്ന മേഖല ‘ഗൾഫ് സിനിമ’ സിഗ്നൽ എന്ന പേരിലും അറിയപ്പെട്ടു. മലയാളം ഉൾപ്പെടെ വിവിധ വിദേശഭാഷ ചിത്രങ്ങളുടെ പ്രദർശനവും, സാംസ്കാരിക പരിപാടികളുടെ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമായിരുന്നു ഗൾഫ് സിനിമ. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച കെട്ടിടം ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്.
കെട്ടിടത്തെ ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്താൻ നേരത്തേ പല ചർച്ചകളുമുണ്ടായതിന്റെ തുടർച്ചയായാണ് ഖത്തർ മ്യൂസിയവുമായി സഹകരിച്ച് പുനരുജ്ജീവിപ്പിക്കുന്നത്. നേരത്തേ മെട്രോ സ്റ്റേഷനായി മാറ്റാനും ആലോചിച്ചിരുന്നു.
ഖത്തര്‍ സിനിമ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജ്മെൻറിന് കീഴിലുള്ള കെട്ടിടം പൈതൃകവും ചരിത്ര പ്രാധാന്യവും നഷ്ടമാവാതെ പുരുദ്ധരിക്കാനാണ് നീക്കം. നാടിന്റെ ചലച്ചിത്ര സംസ്കാരത്തിന് അടിത്തറയിട്ട സ്ഥാപനം എന്ന നിലയിൽ വിവിധ പദ്ധതികളോടെയാവും ‘ഗൾഫ് സിനിമ’ പുനുരുദ്ധരിക്കുന്നത്.
സിനിമാറ്റിക് മ്യൂസിയമാണ് പുതിയ നിർമാണത്തിലെ ശ്രദ്ധേയ ചുവടുവെപ്പ്. സ്റ്റുഡിയോ സ്പേസ്, മീഡിയ/ഫിലിം ലൈബ്രറി, ഗ്രാൻഡ് തിയറ്റർ, ഫുഡ് ആൻഡ് ബിവറേജ് സ്റ്റാൾ എന്നിവ ഉൾപ്പെടുന്നതാവും സിനിമാറ്റിക് മ്യൂസിയം. അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ ഖത്തറിന്റെ തലയെടുപ്പായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഈ ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.