ദോഹ: പശ്ചിമേഷ്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ചു. ദുബൈ, ഷാർജ അടക്കം യു.എ.ഇ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രതിദിന വിമാന സർവിസുകളാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ദുബൈ, ഷാർജ സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
സിറിയയിലെ ദമസ്കസിലേക്കുള്ള പ്രതിദിന സർവിസ് മേയ് 1ന് ആരംഭിക്കും. ഖത്തർ എയർവേസിന്റെ എല്ലാ സർവിസുകളും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂൺ 16നുള്ളിൽ 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവിസുകൾ വ്യാപിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാലോ മറ്റ് അടിയന്തര സാഹചര്യങ്ങളാലോ ഷെഡ്യൂളുകൾ ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാം. യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പിലോ സമയക്രമം കൃത്യമായി പരിശോധിക്കണമെന്നും യാത്രാ ബുക്കിങ് സമയത്ത് നൽകിയിരിക്കുന്ന ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഖത്തർ ഏയർവേസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.