ഖത്തർ എനർജി ആസ്ഥാനത്ത് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കഅബി, ഈജിപ്ത് പെട്രോളിയം മന്ത്രി കരീം ബദാവി എന്നിവർ ഊർജ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിനിടെ
ദോഹ: ഈജിപ്തിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) വിതരണം ചെയ്യുന്നതുൾപ്പെടെ ഊർജ സഹകരണം ശക്തമാക്കുന്നതിനായി ഖത്തർ എനർജിയും ഈജിപ്ഷ്യൻ പെട്രോളിയം ആൻഡ് മിനറൽ റിസോഴ്സ് മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കഅബി, ഈജിപ്ത് പെട്രോളിയം മന്ത്രി കരീം ബദാവി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
2026 വേനൽക്കാലത്തേക്ക് ഖത്തർ എനർജിയിൽ നിന്ന് 24 എൽ.എൻ.ജി കാർഗോകൾ ഈജിപ്തിന് നൽകാൻ ഖത്തർ എനർജിയും ഈജിപ്ഷ്യൻ നാച്ചുറൽ ഗ്യാസ് ഹോൾഡിങ് കമ്പനിയും തമ്മിൽ ധാരണയായി. കൂടാതെ, ഈജിപ്തിന്റെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദീർഘകാലത്തേക്ക് എൽ.എൻ.ജി വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തുടർ ചർച്ചകൾ നടത്താനും തീരുമാനമായി.
ഈജിപ്തിന്റെ സാമ്പത്തികവും വ്യാവസായികവുമായ വളർച്ചക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് ഈജിപ്ത് പെട്രോളിയം സാദ് ഷെരീദ അൽ കഅബി പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈജിപ്തിന്റെ ഭാവി ഊർജ ആവശ്യങ്ങളിൽ പിന്തുണ നൽകുന്നതിനും ഖത്തർ എനർജി പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.