ദോഹ: വായനയെ ഇഷ്ടപ്പെടുന്നവർക്കും പഠിതാക്കൾക്കും പ്രചോദനം നൽകാനും, വ്യക്തിപരവും പ്രഫഷനൽ വളർച്ചക്കും പിന്തുണയുമായും വിവിധ പരിപാടികളുമായി ഖത്തർ നാഷനൽ ലൈബ്രറി പുതിയ വർഷത്തേക്ക് ചുവടുവെക്കുന്നു.
സംസ്കാരികവും സർഗാത്മകവുമായ വൈവിധ്യമാർന്ന പരിപാടികളൊരുക്കി സമൂഹത്തെ ഒന്നിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2026 ജനുവരിയിൽ മെന്ററിങ് പ്രോഗ്രാമുകൾ, വീക്കിലി ഹോബി മീറ്റപ്പ്, പ്രഭാഷണങ്ങൾ, സാഹിത്യ ചർച്ചകൾ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഖത്തർ നാഷനൽ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ലൈബ്രറിയുടെ പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ രജിസ്റ്റർ ചെയ്യുന്നതിനും പങ്കെടുക്കുന്നതിനും www.qnl.qa/ar/events എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗ്ൾ പ്ലേയിൽ നിന്നോ ക്യു.എൻ.എൽ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജനുവരി 28ന്റെ സായാഹ്നത്തിൽ ലൈബ്രറി: ദി ഇൻവിസിബിൾ ടച്ച് - എ തെരേമിൻസ് ജേണി ത്രൂ ടൈമിൽ സംഗീത പ്രേമികളെ ആകർഷിക്കുന്ന ഫിൽഹാർമോണിക് ഓർക്കസ്ട്ര അരങ്ങേറും. പിയാനോ, ഹാർപ്പ്, ഒബോ, സ്ട്രിങ്ങുകൾ എന്നിവക്കൊപ്പം തെരേമിന്റെ ശബ്ദ മാന്ത്രികതയും സംഗീത പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്. റാച്ച്മാനിനോഫ്, സെന്റ്-സെയ്ൻസ്, മാർട്ടിൻ, ചാർലി ചാപ്ലിൻ തുടങ്ങി അറബിക് ക്ലാസിക് ലാമ ബദാ യറ്റതാന എന്നിവയും സംഗീത സായാഹ്നത്തിൽ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ സാം മീക്കിങ്സ് ‘വണ്ടർ ആൻഡ് ലോസ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വായനക്കാരുമായി സംവദിക്കുന്നു. ജനുവരി 26ന് പരിപാടി നടക്കും. വിയോഗ ദുഃഖങ്ങളെ എഴുത്തിലൂടെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചാകും ചർച്ച. കഥപറച്ചിൽ ദുഃഖം പരിഹരിക്കാനും ഓർമകളെ നിലനിർത്താനും മനസ്സമാധാനം വളർത്താനും എങ്ങനെ സഹായിക്കുമെന്ന് സംവാദത്തിലൂടെ അദ്ദേഹം പങ്കുവെക്കും.
ഖത്തർ സമകാലിക ചരിത്രം എന്ന വിഷയത്തിൽ ടോക്യോയിലെ വസീദ സർവകലാശാലയിലെ പ്രഫസർ അബ്ദുല്ല ബാബൂദ് നയിക്കുന്ന പ്രഭാഷണവും വർക്ക്ഷോപ്പും ജനുവരി 10, 11 തീയതികളിൽ നടക്കും. ചരിത്രകാരൻ ജാസിം അൽ ഷമാരി മോഡറേറ്റ് ചെയ്യും. ഖത്തറിന്റെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനം ഈ സെഷനിൽ പങ്കുവെക്കും. രാജ്യത്തെ രൂപപ്പെടുത്തിയ പ്രധാന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രഭാഷണം ഈ സെഷനിൽ അവതരിപ്പിക്കും.
വിദ്യാർഥികൾക്ക് കരിയർ മാർഗനിർദേശം നൽകുന്ന മുർഷിദി പ്രോഗ്രാം ജനുവരി 10, 17, 24 തീയതികളിൽ നടക്കും. എജുക്കേഷൻ സിറ്റിയിലെയും ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളിലെയും വിദഗ്ധർ നേതൃത്വം നൽകും. ഹൈസ്കൂൾ, ബിരുദ വിദ്യാർഥികൾ, പുതിയ ബിരുദധാരികൾ എന്നിവരെ ലക്ഷ്യംവെച്ചുള്ള ഈ പ്രോഗ്രാം, വൺ -ഓൺ -വൺ മെന്ററിങ്, സ്കോളർഷിപ്പുകളെയും അപേക്ഷകളെയും കുറിച്ചുള്ള നിർദേശങ്ങൾ, അക്കാദമിക്, പ്രഫഷനൽ വിജയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ എന്നിവ വിദ്യാർഥികൾക്ക് നൽകുന്നു.
ചെസ് പ്രേമികൾക്കും തുന്നൽ -കരകൗശല പ്രവൃത്തികളിൽ താൽപര്യമുള്ളവർക്കുമായി എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക കൂട്ടായ്മകൾ സംഘടിപ്പിക്കും.
വ്യാഴാഴ്ചകളിൽ രാവിലെ നെയ്റ്റിങ് -കോച്ചെ (Knitting and Crochet) പരിശീലനങ്ങൾ സംഘടിപ്പിക്കും. അതേസമയം, സായാഹ്നങ്ങളിൽ ചെസ് പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.