ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ ടോസ്കാന ദോഹ തുറമുഖത്ത്
ദോഹ: ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ ടോസ്കാനയും ജർമനിയിൽനിന്നുള്ള ക്രൂസ് കപ്പലായ ഐഡ കോസ്മയും ദോഹ തുറമുഖത്തെത്തി. 3624 യാത്രക്കാരും 1385 ജീവനക്കാരുമായി ഐഡ കോസ്മ തിങ്കളാഴ്ച രാവിലെയാണ് ദോഹ പോർട്ടിലെത്തിയത്. കോസ്റ്റ ടോസ്കാന ഞായറാഴ്ചയാണ് ദോഹയിലെത്തിയത്. 2022-2023 സീസണിൽ കപ്പലിന്റെ ആദ്യ ട്രിപ്പാണിത്. ഇരു കപ്പലുകളും ദോഹ തുറമുഖത്തെത്തിയ വിവരവും ചിത്രങ്ങളും മവാനി ഖത്തർ ട്വിറ്ററിൽ പങ്കുവെച്ചു.
ഇതാദ്യമായി ഖത്തറിലെത്തിയ കോസ്റ്റ ടോസ്കാന ഒരു ദിവസം രാജ്യത്ത് തങ്ങി. ജനുവരി 12ന് യാത്ര ആരംഭിച്ച കപ്പൽ ഏഴു ദിവസത്തെ പര്യടനത്തിനിടെയാണ് ദോഹയിലെത്തിയത്. യു.എ.ഇയിൽ ദുബൈ, അബൂദബി ഉൾപ്പെടെയുള്ള ഇടങ്ങളിൽ തങ്ങുന്ന കപ്പൽ ഒരു ദിവസം മസ്കത്തിലും നങ്കൂരമിടും. ഏകദേശം 6,500 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കപ്പലാണ് കോസ്റ്റ ടോസ്കാന. സ്വന്തം വാട്ടർപാർക്ക്, 1,550 ബാൽക്കണി കാബിനുകൾ, 13 നീന്തൽക്കുളങ്ങൾ, ഹോട്ട് ടബുകൾ, 13 റസ്റ്റാറന്റുകൾ, 19 വിനോദ ലോഞ്ചുകൾ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണിത്.
ദോഹയിലെ ആദ്യ സന്ദർശനം വൈകാരിക മുഹൂർത്തമാണെന്ന് കോസ്റ്റ ടോസ്‌കാനയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ക്യാപ്റ്റൻ പിയട്രോ സിനിസി പറഞ്ഞു. മവാനി ഖത്തർ, ഖത്തർ ടൂറിസം, കോസ്റ്റ ടോസ്‌കാന, ദോഹയിലെ ഇറ്റാലിയൻ എംബസി, ട്രാവൽ ഏജൻസി എന്നിവയുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
‘ദോഹ ഏറെ കാഴ്ചകൾ സമ്മാനിക്കുന്ന നഗരമാണ്. ദോഹക്ക് അഭിമാനിക്കാവുന്ന വിനോദ സഞ്ചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാകുന്നതിൽ ഇറ്റലിക്ക് അഭിമാനമുണ്ട്. നിങ്ങൾക്ക് മ്യൂസിയങ്ങളുണ്ട്. അവയിൽ പലതും ഇറ്റാലിയൻ മ്യൂസിയങ്ങളുമായി സഹകരിച്ചുള്ളവയാണ്. മിക്കതും ഇറ്റാലിയൻ സംസ്കാരത്തെ സ്വാഗതം ചെയ്യുന്നവയുമാണ്’ - ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗളോ ടോഷി പറഞ്ഞു. ഇറ്റാലിയൻ സാങ്കേതികവിദ്യയുടെയും രൂപകൽപനയുടെയും കേന്ദ്രീകരണമാണ് കോസ്റ്റ ടോസ്കാനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച ക്രൂസ് സീസണിൽ ഇതിനകം 8,000 യാത്രക്കാരെ സ്വാഗതം ചെയ്തതായി ഖത്തർ ടൂറിസം പ്രോഡക്റ്റ് സപ്പോർട്ട് മേധാവി മറിയം സൗദ് ‘ദി പെനിൻസുല’യോട് പറഞ്ഞു. ഏപ്രിലിലാണ് 2022-2023 ക്രൂസ് സീസൺ അവസാനിക്കുക. ഇതിനകം 58 ക്രൂസ് കപ്പലുകൾ ഖത്തറിലെത്തുമെന്ന് അവർ പറഞ്ഞു.
‘ഞങ്ങളുടെ ക്രൂസ് സീസൺ മികച്ച തുടക്കമാണിട്ടിരിക്കുന്നത്. കോസ്റ്റ ടോസ്കാന ഖത്തറിലേക്കുള്ള എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്ന ഒരു ക്രൂസ് കപ്പൽ കൂടിയാണ്. ക്രൂസ് മേഖലയുടെ വികസനത്തിൽ സുസ്ഥിരതക്കുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സൂചകമാണിത്.
ഖത്തർ വാഗ്ദാനം ചെയ്യുന്ന ഊഷ്മളതയിലും ആതിഥ്യമര്യാദയിലുമൂന്നി ആയിരക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവിടത്തെ ഒരുപാട് മികച്ച അനുഭവങ്ങൾ പകർന്നുനൽകി അവരെ ആഹ്ലാദിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.