ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ചചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ ചർച്ച നടത്തി. സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായി നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ എല്ലാ കക്ഷികളും പങ്കുചേരണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതുവഴി സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഒർമപ്പെടുത്തി. സമുദ്രപാതകളെ സമ്മർദം ചെലുത്തുന്നതിനോ വിലപേശലുകൾക്കായോ ഉപയോഗിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരം നടപടികൾ മേഖലയിലെ രാജ്യങ്ങളെയും ആഗോള ഊർജ, ഭക്ഷ്യവിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിക്കും. ഇത് അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവയെ ബാധിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. തുടർന്ന്, ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ കാര്യ മന്ത്രി ഡോ. ബദർ അബ്ദുൽഅത്തിയുമായും ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
മേഖലയിലെ സംഭവവികാസങ്ങളും, പ്രത്യേകിച്ച് യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലും മറ്റ് സംഭവവികാസങ്ങളും ഇരുവരും പങ്കുവെച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഒരു സുസ്ഥിര കരാറിലെത്തുന്നതിനും മധ്യസ്ഥ ശ്രമങ്ങളിൽ എല്ലാ കക്ഷികളും പങ്കാളികളാകണമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.