ദോഹ: ദോഹയിൽ നിന്ന് കൂടുതൽ വിദേശ എയർലൈൻസുകളുടെ സർവിസ് പ്രഖ്യാപിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച മുതൽ ജൂലൈ ഒന്നു വരെയുള്ള തീയതികളിൽ സർവിസ് നടത്തുന്ന എയർലൈൻ കമ്പനികളുടെ വിവരങ്ങളാണ് അധികൃതർ പങ്കുവച്ചത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള എയർലൈൻ കമ്പനികൾ ഷെഡ്യൂൾ ചെയ്ത പട്ടികയിലില്ല.
ജൂലൈ ഒന്നു വരെ എട്ട് വിദേശ വിമാനക്കമ്പനികൾ കൂടി ദോഹയിൽ നിന്ന് സർവിസ് നടത്തുമെന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചത്. ബദ്ർ എയർലൈൻസ്, സിറിയൻ എയർ, ഈജിപ്ത് എയർ, ഹിമാലയ എയർലൈൻസ് എന്നീ സർവിസുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പുനഃരാരംഭിക്കും. മേയ് ഒന്നിന് ഗൾഫ് എയർ, മേയ് നാലിന് എതോപ്യൻ എയർലൈൻസ്, മേയ് ആറിന് അഫ്ഗാനിൽ നിന്നുള്ള കാം എയർ എന്നിവയും ദോഹയിൽ നിന്ന് സേവനം ആരംഭിക്കുന്നുണ്ട്. റോയൽ എയർ മറോക് ജൂലൈ ഒന്നിന് സർവിസ് തുടങ്ങും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പങ്കുവച്ചത്. അതേസമയം, എയർ ഇന്ത്യ, ഇൻഡിഗോ അടക്കം ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവിസ് അപ്ഡേറ്റുകൾ അറിയിച്ചിട്ടില്ല. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്കു കൂടി സർവിസ് നടത്താൻ കഴിഞ്ഞയാഴ്ചയാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെ, ഫ്ളൈ ദുബൈ, എയർ അറേബ്യ അടക്കം എട്ട് വിദേശ എയർലൈൻസുകൾ ദോഹയിൽ നിന്ന് സർവിസ് പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യു.എസ്-ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേയ്സ് മാത്രമാണ് രാജ്യത്തുനിന്ന് നേരത്തെ സർവിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.