ദോഹ: സൂഖ് വാഖിഫിൽ ഇനി തേൻമധുരം നുണയാം. പ്രാദേശികവും അന്തർദേശീയവുമായ നൂറോളം ഉൽപാദകരും പവിലിയനുകളുമായി സൂഖ് വാഖിഫിൽ ഏഴാമത് രാജ്യാന്തര തേൻ പ്രദർശനം ആരംഭിച്ചു. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേള ജനുവരി 31 വരെ നീണ്ടുനിൽക്കും. വിവിധ ഗുണനിലവാരത്തിലും വിലയിലുമുള്ള വൈവിധ്യമാർന്ന തേൻ ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാകും.
തേനിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഇത്തവണ മേളയോടനുബന്ധിച്ച് അത്യാധുനിക ലാബും, തേനീച്ചയുടെ കുത്തേറ്റവർക്ക് ചികിത്സ നൽകുന്നതിനായി പ്രത്യേക ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ടെന്ന് സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. പ്രശസ്തമായ സിദർ തേൻ, മനുക തേൻ, ചെറുതേൻ തുടങ്ങിയവക്കൊപ്പം മെഴുക്, പൂമ്പൊടി തുടങ്ങി അനുബന്ധമായ വിവിധ ഉൽപന്നങ്ങളും സ്റ്റാളുകളിൽ വിൽപനക്കും പ്രദർശനത്തിനുമായി ഒരുക്കിയിട്ടുണ്ട്. കേവലം ഒരു വിപണി എന്നതിലുപരി, തേനിന്റെ മണം, രുചി, ഗുണമേന്മ എന്നിവ നേരിട്ട് താരതമ്യം ചെയ്യാനും ഉൽപാദന രീതികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും.
തേൻ വേർതിരിച്ചെടുക്കുന്ന രീതിയാണ് അതിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന പ്രധാന ഘടകമെന്ന് സംഘാടകർ അറിയിച്ചു. ശുദ്ധമായ രീതിയിൽ വേർതിരിച്ചെടുക്കുന്ന തേൻ വൃത്തിയുള്ള പാത്രങ്ങളിൽ ഈർപ്പവും ചൂടും തട്ടാതെ സൂക്ഷിക്കേണ്ടതുണ്ട്. അമിതമായി ചൂടാക്കുന്നത് തേനിന്റെ ഗുണവും മണവും നഷ്ടപ്പെടാൻ കാരണമാകും. വാങ്ങുന്ന തേനിന്റെ ഉറവിടം, വിളവെടുപ്പ് കാലം, ലാബ് പരിശോധന ഫലം എന്നിവ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അമിതമായ വിലക്കുറവുള്ളതും വ്യക്തമായ ലേബലുകൾ ഇല്ലാത്തതുമായ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അറബ് സംസ്കാരത്തിൽ തേനിന് വലിയ പ്രാധാന്യമാണുള്ളത്. തേനിൽ മനുഷ്യർക്ക് രോഗശമനമുണ്ടെന്ന ഖുർആനിക പരാമർശം മുൻനിർത്തി, പരമ്പരാഗത ചികിത്സാരീതികളിലും ഭക്ഷണത്തിലും തേൻ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പ്രത്യേകിച്ച് ശൈത്യകാല രോഗങ്ങൾക്കും സ്വാഭാവിക മധുരപലഹാരങ്ങൾക്കും മേഖലയിൽ തേൻ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.