പോഡാർ പേൾ സ്കൂളിൽ ദേശീയ പതാക ഉയർത്തിയപ്പോൾ
പോഡാർ പേൾ സ്കൂൾ
ദോഹ: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായ പരിപാടികളോടെ പോഡാർ പേൾ സ്കൂളിന്റെ മഷ്ഹഫ് ക്യാമ്പസിൽ സംഘടിപ്പിച്ചു. സ്കൂളിന്റെ മൂന്ന് ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപക -അധ്യാപകേതര ജീവനക്കാരും പങ്കെടുത്ത ചടങ്ങ് ദേശീയബോധവും രാജ്യത്തോടുള്ള സ്നേഹവും പ്രകടമാക്കുന്നതായിരുന്നു. സ്കൂൾ വൈസ് പ്രസിഡന്റ് ഡോ. സ്റ്റെഫി റേച്ചൽ സാം ദേശീയ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിച്ചു.
സ്കൂൾ വൈസ് പ്രസിഡന്റ് പ്രണവ് പ്രദീപ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, പുരോഗമനപരവും സമഗ്രവുമായ ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങൾ എന്നിവ അടിവരയിടുന്നതായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. രാജ്യം പടുത്തുയർത്തിയ മഹത്തായ ആശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും രാജ്യപുരോഗതിക്കായി സംഭാവനകൾ നൽകേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാർഥികളെ ഓർമിപ്പിച്ച് പരിപാടി സമാപിച്ചു.
നോബിള്‍ ഇന്റർനാഷനൽ സ്കൂൾ
നോബിള്‍ ഇന്റർനാഷനൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ സംഘടിപ്പിച്ച കലാപരിപാടികൾ
ദോഹ: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ദേശസ്നേഹവും ഉണർത്തുന്ന വൈവിധ്യമാർന്ന പരിപാടികളോടെ നോബിള്‍ ഇന്റർനാഷണൽ സ്കൂളിൽ ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹീം കുന്നുമ്മൽ ദേശീയപതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹം സന്ദേശത്തിൽ വിശദീകരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽമാർ, സെക്ഷൻ മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യത്തിലെ ഏകതയും ദേശസ്നേഹവും പ്രകടമാക്കി ദേശഭക്തിഗാനം, നൃത്തം ഉൾപ്പെടെ വിവിധ കലാ -സാംസ്കാരിക പരിപാടികളും അരങ്ങേറി.
ഐഡിയൽ ഇന്ത്യൻ സ്കൂൾ
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ മുഹമ്മദ്
അസം ഖാൻ ദേശീയ പതാക ഉയർത്തുന്നു
ദോഹ: ഐക്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും സന്ദേശമുയർത്തി ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ദേശഭക്തിനിർഭരമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് സ്കൂൾ ഗായകസംഘം ദേശീയ ഗാനം ആലപിച്ചു. സ്കൂൾ ഫിനാൻസ് മാനേജർ ഇമ്രാൻ ഹുർസുക്, ട്രാൻസ്പോർട്ട് മാനേജർ മുഹമ്മദ് ഇബ്രാഹിം, അധ്യാപകർ, മറ്റു ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും മഹത്തായ ത്യാഗങ്ങളെ സ്മരിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും നിർണ്ണായക പങ്കുവഹിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ്. അറിവും കഴിവുകളും ഉത്തരവാദിത്തബോധവും വളർത്തിയെടുത്ത് രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ പങ്കാളികളാകാൻ അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. അബ്ദുൽ സമദ് ഖാൻ, അമ്മാർ എന്നിവരുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സമ്രീൻ അർബാസ് അവതാരകയായിരുന്നു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ
വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തപ്പോൾ
ദോഹ: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച് ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ദേശഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹസ്മൽ ഇസ്മായിൽ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഡോ. കെ.പി. നജീബ്, ഡയറക്ടർ എം.എ. നജീബ്, എം.ഇ.എസ്. ഗവേണിങ് ബോർഡ് ഡയറക്ടർ ഷഹീദ് ആലുങ്ങത്ത്, സ്കൂൾ ഗവേണിങ് ബോഡി അംഗം അബ്ദുൽ ഫത്താഹ്, ആക്ടിങ് പ്രിൻസിപ്പൽ, സ്കൂൾ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഗായകസംഘം ദേശീയഗാനം ആലപിച്ചു.
ഹെഡ് ബോയ് ഈഷാൻ ബിൻ തസ്നീഫ് സ്വാഗതം പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും ജെൻസി ജോർജ് കൊറിയോഗ്രാഫ് ചെയ്ത നൃത്തവും പരിപാടിക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ആക്ടിങ് പ്രിൻസിപ്പൽ, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും സ്വാതന്ത്ര്യം, ഐക്യം, അഖണ്ഡത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ജനറൽ സെക്രട്ടറി ഡോ. കെ.പി. നജീബ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. അഫ്താബ് ബഷീർ, ആമിന ഷഹൽ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. ഹെഡ് ഗേൾ എവ്ലിൻ ജോൺലി നന്ദി പറഞ്ഞു. സ്റ്റീസൺ മാത്യു, ജെൻസി ജോർജ്, കെ.എം. കരിഷ്മ, കെ.ആർ. അഞ്ജുഷ, ജിഷ ഗിനേഷ്, സിബി ഡാനിയൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.