സഞ്ചാരികളുടെ മനംകവർന്ന് ഖത്തർ; ഒമ്പത് മാസത്തിനിടെ എത്തിയത് 26 ലക്ഷത്തിലധികം പേർ
ദോഹ: ദോഹയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഖത്തറിലേക്ക് ഒമ്പത് മാസങ്ങളിൽ എത്തിയത് 26.14 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് സെപ്റ്റംബർ മാസത്തിൽ മാത്രം 2.76 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയത്. മുൻവർഷം സെപ്റ്റംബറിൽ 2.73 ലക്ഷം സന്ദർശകരാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.1 ശതമാനത്തിന്റെ വർധനവാണുണ്ടായത്. മേഖലയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തറിന്റെ വർധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.
ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികളെത്തിയത്. ആകെ സന്ദർശകരുടെ 40.9 ശതമാനവും (10.69 ലക്ഷം പേർ) ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള ഏഷ്യൻ, ഓഷ്യാനിയ മേഖലകളിൽ നിന്ന് 5.48 ലക്ഷം പേർ (21 ശതമാനം) ഖത്തറിലെത്തി. 5.38 സന്ദർശകരുമായി (20.6 ശതമാനം) യൂറോപ്യൻ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുണ്ട്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്ന് 1.9 ലക്ഷം, മറ്റ് അറബ് രാജ്യങ്ങളിൽനിന്ന് 1.84 ലക്ഷം പേരും ഇക്കാലയളവിൽ ഖത്തറിലെത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ഇക്കാലയളവിൽ കുറവ് സന്ദർശകരുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് 84,000 പേരാണ് (3.2 ശതമാനം) സന്ദർശനത്തിനെത്തിയത്.
വർഷത്തിന്റെ തുടക്കത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ വ്യതിയാനങ്ങൾ ഉണ്ടായെങ്കിലും, അതിനുശേഷം ശക്തമായ വീണ്ടെടുപ്പാണ് ടൂറിസം മേഖലയിൽ കാണാൻ സാധിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ വിമാന സർവിസുകളിലുണ്ടായ പ്രതിസന്ധി സഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നു.
മാർച്ച് മാസത്തിൽ സന്ദർശകരുടെ എണ്ണം 63,000 ആയി കുത്തനെ കുറഞ്ഞെങ്കിലും ഏപ്രിലിൽ 1,29,000 ആയും മേയിൽ 2,67,000 ആയും ജൂണിൽ 2,22,000 ആയും ഉയർന്നു. തുടർന്നുള്ള വേനൽക്കാല മാസങ്ങളിലും കൃത്യമായ വളർച്ച കൈവരിക്കാൻ ഖത്തറിന് സാധിച്ചു. സാംസ്കാരിക -കായികം, ബിസിനസ്, മറ്റ് വിനോദങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.