ജി.സി.സി സുരക്ഷ: സഖ്യങ്ങൾ, ഭീഷണികൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി സംസാരിക്കുന്നു
വെല്ലുവിളികളെ നേരിടാൻ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തണം; ജോർജ് ടൗൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ
ദോഹ: മേഖലയിൽ വളർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും തയാറെടുപ്പുകളും വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ജോർജ് ടൗൺ യൂണിവേഴ്സിറ്റി ഖത്തറിലെ സെന്റർ ഫോർ ഇന്റർനാഷണൽ ആൻഡ് റീജിയണൽ സ്റ്റഡീസ് സംഘടിപ്പിച്ച 'ജി.സി.സി സുരക്ഷ: സഖ്യങ്ങൾ, ഭീഷണികൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും വെല്ലുവിളികളെ നേരിടുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം, അന്താരാഷ്ട്ര നിയമങ്ങളുടെയും കൂട്ടായ്മകളുടെയും പ്രാധാന്യം എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർച്ചയായ പ്രാദേശിക പ്രതിസന്ധികൾക്കിടയിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണവും ഏകോപനവും വർധിച്ചിട്ടുണ്ട്. ഈ പുരോഗതി വിവിധ മേഖലകളിൽ ശക്തമായ ഏകോപനത്തിന് വഴിയൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഖത്തറും ഇറാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും സംഭാഷണങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത ഡോ. അൽ അൻസാരി എടുത്തുപറഞ്ഞു. പ്രാദേശിക സംഭവവികാസങ്ങൾ ഉയർത്തുന്ന സുരക്ഷാ -സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ. അൽ അൻസാരി സംസാരിച്ചു. പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷ, ഊർജ്ജ വിതരണം, ആഗോള വ്യാപാരം, വിതരണ ശൃംഖലകൾ എന്നിവ നിലനിർത്തുന്നതിൽ ഹുർമുസ് കടലിടുക്കിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പ്രാദേശിക പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങൾ ഗൾഫ് മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, അവ ആഗോള സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യസ്ഥശ്രമങ്ങളിൽ ഖത്തറിന്റെ മുൻഗണനയും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പിലുള്ള കക്ഷികളെ ചർച്ചകളിലൂടെ ധാരണയിലെത്തിക്കുക എന്നതാണ് മധ്യസ്ഥന്റെ ചുമതല. മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തറിനുള്ള ദീർഘകാല പങ്കും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.