യു.എസ് -ഇറാൻ മധ്യസ്ഥശ്രമങ്ങൾ തടസ്സമില്ലാതെ തുടരുന്നു -ഖത്തർ
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥശ്രമങ്ങൾ തടസ്സമില്ലാതെ തുടരുന്നതായി ഖത്തർ. ഇരുവിഭാഗത്തിനും താൽപ്പര്യമുള്ളതും അവരെ ബാധിക്കുന്നതുമായ എല്ലാ വിഷയങ്ങളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് നടക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസും ഇറാനും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും ഖത്തർ ഇരുപക്ഷത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു കക്ഷികളുടെയും ആശങ്കകൾ കണക്കിലെടുത്ത് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ഇറാനിയൻ പൈലറ്റുമാരുടെ വിഷയത്തെക്കുറിച്ച് സംസാരിക്കവേ, ഖത്തറിന്റെ നിലപാട് തുടക്കം മുതലേ വ്യക്തമായിരുന്നതായും, ആവശ്യമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അൽ ഹാഷ്മി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും പുതിയ വിവരങ്ങളും പുരോഗതിയും ഇറാൻ അധികൃതരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാനിയൻ പ്രതിനിധികളുടെ സന്ദർശനത്തെ ഖത്തർ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്ക കരാർ ഉൾപ്പടെ, സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി മേഖലയിലെ രാജ്യങ്ങൾ നടത്തുന്ന എല്ലാ ഇടപെടലുകളെയും ഖത്തർ പിന്തുണക്കും. മക്ക കരാറിൽ ഖത്തർ ചേരുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് അപക്വമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അൽ ഹാഷ്മി ആവർത്തിച്ചു. സൗദി അറേബ്യ, ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ഹൂതി ഗ്രൂപ്പ് നടത്തുന്ന ആക്രമണങ്ങളെ ഖത്തർ അപലപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.