ലോക നിക്ഷേപക ഫോറത്തിന് ദോഹ ഒരുങ്ങുന്നു
ദോഹ: ലോക നിക്ഷേപക ഫോറത്തിന് ഖത്തർ തലസ്ഥാനമായ ദോഹ വേദിയാകുന്നു. 'ഭാവിക്കായുള്ള നിക്ഷേപം' എന്ന പ്രമേയത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ നടക്കുന്ന സംഗമത്തിൽ ഖത്തറും ഐക്യരാഷ്ട്രസഭയുടെ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. 2012 ൽ മൂന്നാം പതിപ്പിന് വേദിയായതിന് ശേഷം, 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ലോക നിക്ഷേപ സംഗമത്തിന് ഖത്തർ വേദിയാകുന്നത്.
വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ കമ്പനി മേധാവികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. ഹുർമുസ് കടലിടുക്കിലെ സഞ്ചാര തടസ്സങ്ങൾ, ഊർജ വിതരണത്തിലെയും ചരക്കുനീക്കത്തിലെയും വെല്ലുവിളികൾ, ഗതാഗത -ഇൻഷുറൻസ് ചെലവുകളുടെ വർധനവ് തുടങ്ങിയ പ്രാദേശിക -ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഇൻവെസ്റ്റ്മെന്റ് ഫോറം നടക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാനും ബദൽ പാതകൾ കണ്ടെത്താനുമുള്ള അന്താരാഷ്ട്ര സഹകരണത്തിന് സമ്മേളനം പ്രാധാന്യം നൽകും. ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയമാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണം, സാമ്പത്തിക ശേഷി വർധിപ്പിക്കൽ, സ്വകാര്യ മേഖലയുടെ വളർച്ച, വിദേശ നിക്ഷേപ ആകർഷണം എന്നിവ മുന്നിൽ കണ്ടാണ് മന്ത്രാലയത്തിന്റെ സഹകരണം.
ഏഴ് വ്യത്യസ്ത മേഖലകളിലായി 70 ലധികം സെഷനുകളും സംവാദങ്ങളും ഫോറത്തിന്റെ ഭാഗമായി നടക്കും. 211ഓളം പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജം, അടിസ്ഥാന സൗകര്യം, സുസ്ഥിര ധനകാര്യം, ടൂറിസം, സ്പേസ് ഇക്കോണമി തുടങ്ങി ആഗോള നിക്ഷേപ മേഖലയിലെ പ്രധാന വിഷയങ്ങൾ സംഗമത്തിൽ ചർച്ചയാകും. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മയിൽ 'ഗൾഫ് മേഖലയിലെ നിക്ഷേപത്തിന്റെ ഭാവി' എന്ന സെഷൻ ഫോറത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഗൾഫ് മേഖലയിലെ സഹകരണം ശക്തമാക്കാനും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ മേഖലയുടെ സ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടക്കുന്ന ഈ സെഷനിൽ വിവിധ ജി.സി.സി മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.