സിദ്റ മെഡിസിൻ

സിദ്റ മെഡിസിനിൽ വിദേശ രോഗികളുടെ എണ്ണത്തിൽ വർധന

ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ലോകോത്തര ചികിത്സ കേന്ദ്രമായ സിദ്റ മെഡിസിനിൽ ചികിത്സക്കായി വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ആതുരചികിത്സ രംഗത്ത് ലോകത്തിലെ പ്രമുഖ ഡോക്ടർമാരുടെ ചികിത്സ തേടുന്നതിന് ഖത്തറിനു പുറത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരുകയാണെന്ന് സിദ്റ മെഡിസിൻ ചീഫ് മെഡിക്കൽ ഓഫിസറും ഇൻറർനാഷനൽ ഓഫിസ് സ്ഥാപകനുമായ പ്രഫ. സിയാദ് എം. ഹിജാസി പറഞ്ഞു.

വനിതകൾക്കും കുട്ടികൾക്കുമായി അതിനൂതന, അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിൽ പ്രതിരോധ, പ്രാഥമിക, സെക്കൻഡറി, ടെറിറ്ററി ചികിത്സയാണ് സിദ്റ മുന്നോട്ടുവെക്കുന്നത്. 2021ൽ മാത്രം 90ലധികം വിദേശ രോഗികളാണ് സിദ്റയിൽ ചികിത്സ തേടിയതെന്നും അവരിലധികവും ഹൃദയസംബന്ധമായ രോഗങ്ങൾക്കുവേണ്ടിയാണ് എത്തിയതെന്നും പ്രഫ. ഹിജാസി പറഞ്ഞു. മിഡിലീസ്റ്റ് മേഖലയിൽനിന്നും യൂറോപ്പ്, അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും രോഗികൾ സിദ്റയിലെത്തുന്നുണ്ട്. വിദേശരോഗികളിൽ ഏറ്റവും കൂടുതൽ കുവൈത്തിൽ നിന്നുള്ളവരാണ്. കുവൈത്ത് എണ്ണക്കമ്പനിയുമായി സിദ്റ മെഡിസിന് പങ്കാളിത്തമുണ്ട്. ലണ്ടനിലും അമേരിക്കയിലും പോയി ചികിത്സിക്കുന്നതിനുപകരം ഖത്തറിൽ ചികിത്സ തെരഞ്ഞെടുക്കാൻ രോഗികൾക്ക് അവസരമുണ്ട്.

സിദ്റയിലെത്തുന്നവർക്ക് അവരുടെ ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രാപ്തിയുള്ള ലെയ്സൻ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണെന്നും ചികിത്സക്കുമുമ്പ് മുതൽ ചികിത്സവേളയിലും ശേഷവും രോഗികൾക്കും കുടുംബങ്ങൾക്കും ഇത് മികച്ച അനുഭവമാണ് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. കാർഡിയോളജി, ജനറൽ പീഡിയാട്രിക്സ്, യൂറോളജി, ന്യൂറോ സയൻസ്, എൻഡോക്രിനോളജി, ഇ.എൻ.ടി, ഓർത്തോപീഡിയാക് സർജറി, ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക്/ക്രാനിയോഫേഷ്യൽ സർജറി, ഗൈനക്കോളജി/ ഓബ്സ്റ്റെട്രിക്സ് തുടങ്ങി നിരവധി സ്പെഷാലിറ്റികളാണ് സിദ്റയിലുള്ളത്. സിദ്റ മെഡിസിനിലെ ഹാർട്ട് സെൻററിൽ 50നടുത്ത് വിദേശരോഗികളാണ് 2021ൽ ചികിത്സ തേടിയെത്തിയതെന്നും വിദേശരോഗികളിൽ ഏറ്റവും കൂടുതൽ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കായാണ് സിദ്റയിലെത്തിയതെന്നും പ്രഫ. ഹിജാസി വിശദീകരിച്ചു.

Tags:    
News Summary - Increase in the number of foreign patients in Sidra Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.