ദോഹ: ഖത്തർ ചാരിറ്റി സംഘടിപ്പിച്ച റമദാൻ 27ാം രാവ് ചലഞ്ചിലൂടെ സമാഹരിച്ചത് നാല് കോടി റിയാൽ. യൂട്യൂബ് ലൈവിലൂടെ നടത്തിയ ഫണ്ട് ശേഖരണ സമാഹാരത്തിൽ, വെറും മൂന്ന് മണിക്കൂറിനുള്ളിൽതന്നെ ലക്ഷ്യമിട്ട തുകയേക്കാൾ കൂടുതൽ സംഭാവന ലഭിച്ചു. ഖത്തറിലും മറ്റ് രാജ്യങ്ങളിലും ആരോഗ്യ, സുരക്ഷ മെഡിക്കൽ പദ്ധതികൾ നടപ്പാക്കുന്നതിനായി ഈ തുക വിനിയോഗിക്കും. "വിപത്തുകളെ തടയുക" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ചലഞ്ച് സംഘടിപ്പിച്ചത്. പ്രശസ്ത ഇൻഫ്ലുവൻസർ അബ്ദുല്ല അൽ ഗാഫ്രി, ഡോ. അബ്ദുറഹ്മാൻ അൽ ഹറമി എന്നിവർക്കൊപ്പം നിരവധി ഡോക്ടർമാരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മെഡിക്കൽ സെന്ററുകളും സംരംഭത്തിൽ പങ്കാളികളായി.
ആരോഗ്യ മേഖലക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ഈ വർഷത്തെ കാമ്പയിൻ സംഘടിപ്പിച്ചത്. ഹൃദയ ശസ്ത്രക്രിയകൾ, കുട്ടികളിലെ ഹൃദയവൈകല്യങ്ങൾ പരിഹരിക്കൽ, നേത്രരോഗ ചികിത്സകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേൾവിശക്തി കുറഞ്ഞ കുട്ടികൾക്കായുള്ള കോക്ലിയർ ഇംപ്ലാന്റുകൾ, കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കൽ എന്നിവക്കും ഈ ഫണ്ട് വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.