ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പിന്നാലെ ഫെബ്രുവരി 28ന് ഖത്തർ വ്യോമപാത അടച്ചതിനുശേഷം ദോഹയിൽ നിന്ന് മടങ്ങിയത് 5300 ലേറെ ഇന്ത്യൻ യാത്രക്കാർ. യാത്ര തടസ്സപ്പെട്ട ട്രാൻസിറ്റ് വിസയിൽ ഉള്ളവരും ടൂറിസ്റ്റ്, ഹ്രസ്വകാല വിസയിൽ ഉള്ളവരും അടക്കമുള്ള ഇന്ത്യൻ യാത്രക്കാരെയാണ് സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചത്. തിങ്കളാഴ്ച ന്യൂഡൽഹി, മുംബൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് 1100 യാത്രക്കാരാണ് ദോഹയിൽനിന്ന് യാത്ര ചെയ്തത്.
വ്യോമപാത ഭാഗികമായി തുറന്നതിന് പിന്നാലെ ഖത്തർ എയർവേസ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യാത്രക്കാരെ കയറ്റിവിട്ടത്. മാർച്ച് ഒമ്പതു മുതൽ ഡൽഹി, മുംബൈ, കൊച്ചി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തിയിരുന്നു.
മാർച്ച് 18 മുതൽ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത് സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാധാരണ വിമാന സർവിസുകൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും, പ്രത്യേക അനുമതിയുള്ള റൂട്ടുകളിലൂടെ ഇന്ത്യയിലേക്ക് പരിമിതമായ സർവിസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വിസ കാലാവധി കഴിഞ്ഞവർക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
വിമാനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾക്കുമായി യാത്രക്കാർക്ക് ഖത്തർ എയർവേസ് വെബ്‌സൈറ്റോ അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുകയോ ട്രാവൽ ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഖത്തർ എയർവേസും പ്രാദേശിക അധികാരികളും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, അബു സംറ അതിർത്തി വഴി സൗദിയിലൂടെ നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള മാർഗനിർദേശങ്ങളും എംബസി പുറത്തിറക്കി. റോഡ് മാർഗം അതിർത്തി കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നതിന് എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ അടിയന്തരമായി ആഗ്രഹിക്കുന്നവർക്കും മറ്റും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇന്ത്യൻ എംബസിയുടെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്. കൂടാതെ ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡികളായ ഐ.സി.സി. ഐ.സി.ബി.എഫ് എന്നിവയുടെ ഹെൽപ് ലൈനുകളും ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര കേസുകൾ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ എംബസിയെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.