മർയം ബിൻത് അബ്ദുല്ല അൽഅതിയ്യ
ദോഹ: ഗസ്സയിലും വെസ്റ്റ് ബാങ്കിലും മാനുഷിക സാഹചര്യങ്ങൾ ദയനീയമായി തകർച്ച നേരിടുകയാണെന്ന് ദേശീയ മനുഷ്യാവകാശ സമിതി (എൻ.എച്ച്.ആർ.സി) ചെയർപേഴ്സനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമീഷൻ അംഗവുമായ മർയം ബിൻത് അബ്ദുല്ല അൽഅതിയ്യ വ്യക്തമാക്കി. സമ്പൂർണ ഉപരോധം, ഭക്ഷണം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം, അവശ്യ സേവന സംവിധാനങ്ങളുടെ തകർച്ച എന്നിവയാണ് കാരണമെന്നും അവർ പറഞ്ഞു. ജിദ്ദയിൽ നടന്ന സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമീഷൻ 26ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവരെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിലെ സാധാരണക്കാർ നേരിടുന്ന ഈ സാഹചര്യങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങളാണ്. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ആവർത്തിച്ച് ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വെള്ളം, വൈദ്യുതി സ്രോതസ്സുകൾ എന്നിവയെ തുടർച്ചയായി ലക്ഷ്യമിടുന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യകതകളെപോലും നിഷേധിക്കുന്നു. അതിനാൽ, അടിയന്തരമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വ്യവസ്ഥാപിതമായ നിയമലംഘനങ്ങൾ തടയുന്നതിനും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.