സ്വര്‍ണവിപണിയിലെ നിക്ഷേപം ‘സുരക്ഷിതം’

ദോഹ: പ്രതികൂല സാഹചര്യങ്ങളില്‍  തങ്ങളുടെ പണവും ആസ്തികളും സുരക്ഷിതമായി സംരക്ഷിക്കാന്‍ അനുയോജ്യമായ മേഖല സ്വര്‍ണ നിക്ഷേപമാണെന്ന് ഖത്തര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍. സ്വര്‍ണത്തിനും മറ്റേതൊരു കറന്‍സിയെയുംപോലെ ദിനേന മൂല്യം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. 
രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും, ഡോളര്‍ വിലയുടെ വ്യതിയാനമനുസരിച്ചും, എണ്ണ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ചും  മാറിക്കൊണ്ടിരിക്കുന്നതാണ് സ്വര്‍ണ വിപണിയെന്നും അദ്ദേഹം പറഞ്ഞു. 
‘സ്വര്‍ണമേഖലയിലെ നിക്ഷേപത്തിന്‍െറ അടിസ്ഥാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്  സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി. 
വിപണി അസ്ഥിരപ്പെടുന്ന സന്ദര്‍ഭങ്ങളില്‍  ശക്തമായി നിലകൊള്ളാന്‍ മഞ്ഞലോഹത്തിനായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം യുദ്ധ സമാനമായ അവസ്ഥകളിലും സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലും നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാനും സ്വര്‍ണമേഖലയിലെ നിക്ഷേപങ്ങള്‍ക്കായിട്ടുണ്ട്. 
സബായിഖ് അല്‍ ദോഹയാണ് സ്വര്‍ണ വിപണിയുടെ വിവിധ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ പര്യാപ്തമായ ഒരുദിവസം നീണ്ട ശില്‍പശാല സംഘടിപ്പിച്ചത്. ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള സ്വര്‍ണ നിക്ഷേപ സാധ്യതകളാണ് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തത്. ‘സ്വര്‍ണമേഖലയില്‍ എങ്ങനെ നിക്ഷേപം നടത്താമെന്നും, ഈ മേഖലയില്‍നിന്ന് പ്രതീക്ഷിക്കാവുന്ന വരുമാനം എത്രയെന്നും’ എന്നതിനെ സംബന്ധിച്ചുള്ള പ്രബന്ധം ഈ രംഗത്തെ വിദഗ്ദ്ധനും കണ്‍സള്‍ട്ടന്‍റുമായ സലാഹ് അല്‍ ജാംബസ് അവതരിപ്പിച്ചു. 
ഈവര്‍ഷത്തെ ഈ മേഖലയില്‍നിന്നുള്ള വരുമാനം 26 ശതമാനം വരെ ഉയര്‍ന്നതായാണ് സ്വര്‍ണ ഉല്‍പാദകര്‍ കണക്കുകൂട്ടിയിട്ടുള്ളതെന്ന് സലാഹ് പറഞ്ഞു. ചൈന, ആസ്ത്രേലിയ, യു.എസ്.എ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന സ്വര്‍ണ ഉല്‍പാദക രാജ്യങ്ങള്‍. 
തങ്ങളുടെ സമ്പാദ്യങ്ങള്‍  സുരക്ഷിതമായ നിക്ഷേപിക്കാന്‍ പറ്റിയ മേഖലയാണ് സ്വര്‍ണമേഖലയെങ്കിലും ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ പ്രധാനമായും  മൂന്ന് വിഭാഗമാണ് ഇവരെ  ജാഗ്രതയുള്ളവര്‍, ഊഹാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍, തുലനാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം അവസാന രണ്ടിലും ഉള്‍പ്പെടുന്നവര്‍ വരുമാനവും അപകടാവസ്ഥയും മനസ്സിലാക്കിയാണ് നിക്ഷേപം നടത്തുന്നതെന്ന് സലാഹ് പറഞ്ഞു. 
 

Tags:    
News Summary - Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.