ദോഹ: കോവിഡിൽ അടച്ചിട്ട്, മുഖവും മൂടിക്കെട്ടി അകലംപാലിച്ച് കഴിഞ്ഞ ഓണക്കാലത്തിന്‍റെ ഓർമകളോടെല്ലാം ബൈ പറഞ്ഞ്, ഒന്നിച്ച് പുതിയൊരു ഓണനാളിനെ വരവേൽക്കാനൊരുങ്ങി പ്രവാസികൾ. കോവിഡ് നിയന്ത്രണങ്ങൾമൂലം ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കുമെല്ലാം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കർശനമായ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറ്റ് ആഘോഷങ്ങളെപ്പോലെ ഓണത്തിനും തിരിച്ചടിയായി മാറി. എന്നാൽ, കഴിഞ്ഞ നാളുകളുടെ നഷ്ടങ്ങളെല്ലാം നികത്തുന്ന രൂപത്തിലാണ് മലയാളി സമൂഹം ഓണാഘോഷത്തെ വരവേൽക്കുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഇവന്‍റ് മാനേജ്മെന്‍റ് സംഘങ്ങളും ചേർന്ന് ആഘോഷപരിപാടികൾക്ക് വേദിയൊരുക്കുമ്പോൾ അതിഥികളായി ഒഴുകിയെത്തുന്നത് മലയാളത്തിന്‍റെ പ്രിയ താരനിരകൾ. സെപ്റ്റംബർ പിറക്കുന്നതോടെ ആഘോഷത്തിന് മാറ്റുകൂടും. ഒരു മാസത്തിലേറെ നീണ്ട കാലം പാട്ടും ആട്ടവുമായി ഓണോത്സവ നാളുകൾ.
മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര, സംഗീതസംവിധായകൻ ശരത്, ഗോപിസുന്ദർ എന്നിവർ മുതൽ, ചലച്ചിത്രതാരങ്ങളായ ജോജു, റിമി ടോമി, ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം, പ്രശസ്ത ഗായകൻ ഹരി ശങ്കർ, ഗായിക അമൃത സുരേഷ്, വയലിനിസ്റ്റ് വിവേകാനന്ദൻ, മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, ഫുട്ബാൾ താരം ഐ.എം. വിജയൻ തുടങ്ങിയവരാണ് ഓണാഘോഷത്തിന്റെ അരങ്ങുണർത്താൻ ഖത്തറിൽ പറന്നിറങ്ങുന്നത്. ഇതിനു പുറമെ, വിവിധ കമ്യൂണിറ്റി സംഘടനകൾ ഖത്തറിലുള്ള കലാകാരന്മാരെ അണിനിരത്തിയും ഓണാഘോഷ പരിപാടികൾ ഒരുക്കുന്നുണ്ട്.
സെപ്റ്റംബർ ഒമ്പതിന് അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിൽ റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ലൈവ് മ്യൂസിക് ഷോ 'ഓണാരവം'അരങ്ങേറും. ഇൻസ്പയർ ഇവന്റ്സാണ് ഓണാരവത്തിന്റെ സംഘാടകർ. സെപ്റ്റംബർ 15ന് ഗോപി സുന്ദർ നയിക്കുന്ന മ്യൂസിക് ലൈവ് ഷോയും അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിലാണ് അരങ്ങേറുന്നത്.
16ന് ലുലു അബുസിദ്ര മാളിൽ സ്കൈമീഡിയ മെഗാപൂക്കളമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 22ന് സ്കൈ മീഡിയയുടെ പൊന്നോണം പരിപാടിക്ക് അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർഹാൾ വേദിയാവും. തൈക്കുടം ബ്രിഡ്ജിന്‍റെ സംഗീതനിശ, പ്രശസ്ത ചലച്ചിത്ര താരങ്ങളും നർത്തകരുമായ ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം, പാരീസ് ലക്ഷ്മി, റംസാൻ, ബോണി എന്നിവരുടെ നൃത്തപരിപാടികളും സംഗീതനിശയും ഏറെ വൈവിധ്യമാവും. പൊന്നോണം പരിപാടിയുടെ ഭാഗമായി 23ന് 200ഓളം വനിതകൾ ചേർത്ത് ഒരുക്കുന്ന മെഗാ തിരുവാതിര, കുടുംബ ശിങ്കാരിമേളം, 300ഓളം കുട്ടികൾ അവതരിപ്പിക്കുന്ന വേൾഡ്കപ്പ് ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറും. നടൻ ജോജു ജോർജ് അതിഥിയായി പങ്കെടുക്കും. ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് ഈ പരിപാടി.
സെപ്റ്റംബർ 30ന് മലയാളി സമാജം ഖത്തർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ ദേശീയ അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുന്ന ഗായിക നഞ്ചിയമ്മയും മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയനും പങ്കുചേരും. 1001 മലയാളി കലാകാരന്മാരെ അണിനിരത്തിയുള്ള മെഗാ ഷോയും ആൽമരം ബാൻഡിന്റെ ലൈവ് പെർഫോമൻസുമാണ് പ്രധാന പരിപാടികൾ. സെപ്റ്റംബർ 16ന് ബിർള പബ്ലിക് സ്കൂളിൽ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഒരുക്കുന്ന ജൈവ കാർഷികോത്സവത്തിൽ വിവേകാനന്ദന്റെ വയലിൻസംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. നടുമുറ്റം ഖത്തറിന്‍റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 23ന് റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടക്കും. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ എന്നിവ ഉൾപ്പെടെയാണ് പരിപാടികൾ. ടിക്കറ്റുകളോടെയും അല്ലാതെയുമാണ് പരിപാടികളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം. ആഘോഷങ്ങൾക്കു പുറമെ, ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളും മറ്റും ഓണച്ചന്തകളും ഫെസ്റ്റുകളുമായും രംഗത്തുണ്ട്. വേനലവധികഴിഞ്ഞ്, ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രവാസി മലയാളികൾക്ക് ആഘോഷങ്ങളിലേക്കുള്ള കിക്കോഫായി ഓണം മാറുകയാണ്.
ദോഹ: സെപ്റ്റംബർ ഒന്നിന് നടത്താൻ തീരുമാനിച്ച ഹരിശങ്കർ ലൈവ് സെപ്റ്റംബർ 29ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിലാണ് യുവതലമുറയിലെ ശ്രദ്ധേയ ഗായകൻ ഹരിശങ്കർ നയിക്കുന്ന പ്രഗതി ബാൻഡിന്റെ ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്. റഹീപ് മീഡിയയാണ് ഹരിശങ്കർ ഷോയുടെ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.