ആളൊഴിഞ്ഞ ഗാലറിയിൽ ഛേത്രിക്കും കൂട്ടർക്കും സൗഹൃദം

ദോഹ: ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ഇതിഹാസ താരങ്ങൾ വർഷാവസാനം ഖത്തറിൽ പെരുങ്കളിക്കായെത്തുന്നതും കാത്തിരിക്കയാണ് ഫുട്ബാൾ പ്രേമികൾ. എന്നാൽ അതിനു മുന്നോടിയായി സുനിൽ ഛേത്രിയും നാട്ടുകാരായ ആഷിഖും സഹലും പന്തു തട്ടുമ്പോൾ ഗാലറിയിലെത്താൻ അവസരമില്ലാതെ ഇന്ത്യൻ ആരാധകർ. ജൂണിൽ നടക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി, സൗഹൃദ മത്സരത്തിനായി എത്തിയ ടീം ഇന്ത്യ കാണികൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട ഗാലറിയിലാണ് കളിക്കുന്നത്.

ഖത്തറിന്‍റെ ഗാലറിയിൽ എന്നും ഓളം തീർക്കുന്ന മലയാളി ഫുട്ബാൾ പ്രേമികളുടെ ആവേശമെല്ലാം കളത്തിൽ ഛേത്രിയും ഗുർപ്രീത് സിങ് സന്ധുവും ഉൾപ്പെടെയുള്ള താരനിരക്ക് നഷ്ടമാവും. ശനിയാഴ്ച രാത്രി ഏഴിന് ഖത്തർ സ്പോർട്സ് ക്ലബിലാണ് മത്സരം. ജൂൺ ആദ്യ വാരത്തിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്‍റെ പോരാട്ടത്തിനിറങ്ങുന്നവർ എന്ന നിലയിൽ ജോർഡനും ഇന്ത്യക്കും പ്രധാന സന്നാഹംകൂടിയാണ് ഈ മത്സരം. ജൂൺ എട്ടിന് കംമ്പോഡിയയെ നേരിടുന്ന ഇന്ത്യക്ക് മറ്റ് സന്നാഹ മത്സരങ്ങളൊന്നുമില്ല.

ജോർഡനാവട്ടെ, ജൂൺ ഒന്നിന് ദോഹയിൽ ആസ്ട്രേലിയയെ നേരിടും. ലോകകപ്പ് ഏഷ്യൻ മേഖല പ്ലേ ഓഫ് മത്സരത്തിൽ യു.എ.ഇയെ നേരിടാനെത്തുന്ന ആസ്ട്രേലിയക്ക് ഇത് ഖത്തർ മണ്ണിലെ സന്നാഹമാണ്.

കഴിഞ്ഞ ജൂണിൽ ലോകകപ്പ് യോഗ്യത റൗണ്ട് ഏഷ്യൻ മേഖല മത്സരത്തിൽ കളിക്കാനായി ഇന്ത്യ ഖത്തറിലെത്തിയിരുന്നു. ആതിഥേയരായ ഖത്തറിനോട് തോറ്റെങ്കിലും (0-1), ബംഗ്ലാദേശിനെതിരെ (2-0) ജയം നേടി. തുടർന്ന്, അഫ്ഗാനിസ്ഥാനെതിരെ സമനില പാലിച്ച് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാവുകയായിരുന്നു. കോവിഡിന്‍റെ ആശങ്കകൾക്കിടയിലും ത്രിവർണ പതാക പാറിച്ച്, നീലക്കുപ്പായമണിഞ്ഞ് ആവേശത്തോടെയാണ് ഖത്തറിലെ ഫുട്ബാൾ ആരാധകർ അന്ന് ടീം ഇന്ത്യയെ വരവേറ്റത്.

എന്നാൽ, കളിയാവേശം പകരാൻ അവർ വീണ്ടുമെത്തുമ്പോൾ ഗാലറിയുടെ ഏഴയലത്തുപോലും എത്താൻ കഴിയാത്തതിന്‍റെ നിരാശയിലാണ് ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ. ഒരാഴ്ച കഴിഞ്ഞ് നടക്കുന്ന ഏഷ്യ കപ്പ് യോഗ്യതക്ക് മുമ്പായി ശക്തമായ ടീമിനെതിരെ നടക്കുന്ന സൗഹൃദ മത്സരം ടീമിന്‍റെ തയാറെടുപ്പിന് ഏറെ ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.

ടീം ഇന്ത്യ:

ഗോൾ കീപ്പേഴ്സ്: ഗുർപ്രീത് സിങ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിങ്. പ്രതിരോധം: രാഹുൽ ഭേകെ, പ്രീതം കോട്ടൽ, ഹർമൻജോത് സിങ് കബ്ര, അൻവർ അലി, സന്ദേശ് ജിങ്കാൻ, സുഭാഷിഷ് ബോസ്, റോഷൻ സിങ്, ആകാശ് മിശ്ര.

മധ്യനിര: ഉദാന്ത സിങ്, ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർടിൻസ്, ബ്രണ്ടൻ ഫെർണാണ്ടസ്, റിത്വിക് ദാസ്, യാസിർ മുഹമ്മദ്, സഹൽഅബ്ദുൽ സമദ്, സുരേഷ് വാങ്ജം, ആഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ. ഫോർവേഡ്: ഇഷാൻ പണ്ഡിത, സുനിൽ ഛേത്രി, മൻവിർ സിങ്.


''യോഗ്യതാ റൗണ്ടിന്​​ മുമ്പായുള്ള ഏക സൗഹൃദ മത്സരം എന്ന നിലയിൽ ഒരുപാട്​ ചോദ്യങ്ങൾക്ക്​ ഉത്തരം കണ്ടെത്താനുള്ള കളിയാണിത്​. ടീമിലെ യുവതാരങ്ങൾക്ക്​ രാജ്യാന്തര മത്സരത്തിന്‍റെ അനുഭവം സ്വന്തമാക്കാനുള്ള അവസരവുമാണ്​. ഐ.എസ്​.എല്ലും പിന്നാലെ, ഒരു മാസത്തിലേറെ നീണ്ടു നിന്ന പരിശീലനവും കഴിഞ്ഞ്​ ടീം അംഗങ്ങൾ ഫിറ്റ്​നസിലും മികവ്​ നിലനിർത്തിയിട്ടുണ്ട്​'' -കോ​ച്ച്​ ഇ​ഗോ​ർ സ്റ്റി​മാ​ക്​

കോ​ച്ച്​ ഇ​ഗോ​ർ സ്റ്റി​മാ​ക്​


Tags:    
News Summary - Friendship between Chhetri and friends in an empty gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.