ദോഹ: ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികളുടെ പരിചരണവും ക്ഷേമവും പഠനവും ഉറപ്പാക്കുന്നതിനായി ആഗോള വിദ്യാഭ്യാസ വികസന കൂട്ടായ്മയായ എജുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷൻ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ പിന്തുണയോടെ ‘നാളെയുടെ പ്രതീക്ഷ’ എന്ന പേരിൽ ശൈശവകാല വികസന സംരംഭം (ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് -ഇ.സി.ഡി) ആരംഭിച്ചു.
ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി, ടീച്ചർ ക്രിയേറ്റിവിറ്റി സെന്റർ, സെസെം വർക്ക്ഷോപ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2.5 ലക്ഷം കുട്ടികളെയും അഞ്ചു ലക്ഷം പരിചാരകരെയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇ.സി.ഡി സേവനം പതിനഞ്ച് മാസം നീണ്ടുനിൽക്കുന്ന സംരംഭമാണ്. അറബി ഭാഷ പരിപാടിയായ 'അഹ്ലൻ സിംസിം' പോലുള്ള വിദ്യാഭ്യാസ മാധ്യമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വിനോദ-കായിക പ്രവൃത്തികളിൽ ഊന്നിയുള്ള പഠനം, പ്രതികരണ സ്വഭാവത്തിൽ ഊന്നിയുള്ള പരിചരണം എന്നിവ പ്രോത്സാഹിപ്പിച്ച്, വൈകാരിക നിയന്ത്രണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ വളർച്ചയെ പിന്തുണക്കുന്നതിന് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും പരിചാരകർക്കും അധ്യാപകർക്കും സന്നദ്ധപ്രവർത്തകർക്കും ഇതിലൂടെ നൽകും. ‘നാളേക്കായുള്ള പ്രതീക്ഷ -(ഹോപ് ഫോർ ടുമാറോ)’ എന്ന പദ്ധതിയിലൂടെ അടിയന്തര സഹായം നൽകുക മാത്രമല്ല, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികൾക്കും കുടുംബങ്ങൾക്കും അന്തസ്സോടെയും പ്രത്യാശയോടെയും മെച്ചപ്പെട്ട ഭാവിയും ജീവിതം പുനർനിർമിക്കാനുള്ള അവസരവും ഇതിലൂടെ ഉറപ്പാക്കുന്നു.
വെടിനിർത്തലിനു ശേഷം, ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക ദുരിതത്തിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ് ഗസ്സ ജനത. ജനസംഖ്യയുടെ 90 ശതമാനവും പലായനം ചെയ്യപ്പെട്ടു. ശുദ്ധജലം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, താമസം എന്നിവയുടെ കടുത്ത ക്ഷാമമാണ് കുടുംബങ്ങൾ നേരിടുന്നത്. സ്കൂളുകളും ആശുപത്രികളും തകർന്നത് കുട്ടികളെ മാനസികമായി ആഘാതത്തിലാക്കുകയും സുരക്ഷിതമായ പഠനത്തിനുള്ള ഇടങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.
യൂനിസെഫിന്റെ കണക്കനുസരിച്ച്, ഗസ്സയിലെ 95 ശതമാനം സ്കൂളുകൾക്കും നാശനഷ്ടം സംഭവിക്കുകയോ പൂർണമായി നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് പ്രകാരം 2025 ജൂണിൽ ഗസ്സയിൽ 16,000ത്തിലധികം വിദ്യാർഥികൾ കൊല്ലപ്പെടുകയും കുറഞ്ഞത് 25,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പരിചരണവും ക്ഷേമവും പഠനവും ഉറപ്പാക്കുന്നതിനായി സംരംഭത്തിനു തുടക്കമാകുന്നത്.
ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി, സെസെം വർക്ക്ഷോപ് എന്നിവരുമായുള്ള സഹകരണത്തിലൂടെ എല്ലാ കുട്ടികൾക്കും അവരുടെ സാഹചര്യങ്ങൾ പരിഗണിക്കാതെ, പഠിക്കാനും കളിക്കാനും സുഖം പ്രാപിക്കാനും അവസരം ഉറപ്പാക്കുമെന്ന് എജുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ കുബൈസി പറഞ്ഞു.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികളുടെ ക്ഷേമം, വികസനം, വിദ്യാഭ്യാസ പുരോഗതി എന്നിവയെ പിന്തുണക്കുന്നതിനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ പിന്തുണയോടെ എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷനുമായും സെസെം വർക്ക്ഷോപ്പുമായും പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് ഡേവിഡ് മിലിബാൻഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.