അവൾ ആരായിരുന്നു? എവിടെ നിന്നായിരുന്നു വരവ്?
ആ ചെറിയ വീട്ടുമതിലിന്റെ മറുവശത്ത് പടിയിൽ ഇരുന്നു, ഫോൺ സ്ക്രീനിന്റെ വെളിച്ചം അവളുടെ മുഖത്ത് പ്രകാശിച്ച ആ ആദ്യ നിമിഷം മുതൽ തന്നെയായിരുന്നു ഈ ചോദ്യങ്ങൾ മനുവിന്റെ ഉള്ളിൽ ചിറകുവീശിത്തുടങ്ങിയത്. ഉത്തരം ഒന്നും കിട്ടിയില്ല.
പക്ഷേ മറുപടി പോലൊരു നിശ്ശബ്ദത ഉണ്ടായിരുന്നു -
അവളുടെ കണ്ണുകൾ. മഷിയിൽ വരച്ചതുപോലൊരു ഇരുണ്ട തിളക്കം. ആ തിളക്കത്തിന്റെ നടുവിൽ, മൃദുവായൊരു പ്രകാശരേഖ.
അവളുടെ മുഖത്ത് ഇളം മഴയ്ക്കുമുമ്പുള്ള കാറ്റുപോലൊരു ശാന്തത ഒഴുകിയിരുന്നു. അവൾ മലയാളിയല്ലെന്ന് അവളുടെ സംസാരശൈലിയും കണ്ണിലെ അകലവും പറഞ്ഞുകൊടുത്തു.
മനു -എന്നുവിളിക്കുന്ന മാന്വൽ സെബാസ്റ്റ്യൻ.
ദോഹയിലെ ഒരു പ്രശസ്ത കമ്പനിയിൽ ഐ.ടി. എൻജിനീയറായി പ്രവാസത്തിലേക്ക് കാൽവെച്ചപ്പോള്, ജോലി അവന് സന്തോഷവും പുതിയ ഉത്സാഹവും നൽകി. എന്നാൽ, താമസത്തിന് ലഭിച്ച സ്ഥലം അവൻ വർഷങ്ങളായി മനസ്സിൽ പിടിച്ചിരുന്ന സ്വപ്നങ്ങളുടെ ചൂട് ഒന്നും നല്കിയില്ല. മനസ്സിന് അത്ര ചേർന്ന് വരാത്ത ഒരു തണുത്ത മുറിയാണ് ആദ്യ ദിവസം അവനെ വരവേറ്റത്.
അത്തരം ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടാണ് ആ അടുത്ത മുറിയിലെ ആകസ്മിമായുള്ള സാന്നിധ്യം ആവേശം പകർന്നുതുടങ്ങിയത്. അവന്റെ മുറിയും അവളുടെ മുറിയും -ഒരു മതിൽ മാത്രം ദൂരത്ത്. ആ ഒരു മതിൽ പങ്കിട്ട വൈകുന്നേരങ്ങളിലൂടെ, വാതിൽ തുറന്ന് പുറത്ത് ഇറങ്ങുമ്പോഴെല്ലാം അവളെ കാണുന്നത് അവനൊരു പതിവായി. ഫോൺ നോക്കി ഇരിക്കുന്ന അവൾ, ഇടക്ക് മുഖം ഉയർത്തി തന്നിലേക്കൊരു ഒറ്റനോട്ടം എറിയുന്നത്—
അത് ഓരോ തവണയും അവന്റെ ഉള്ളിൽ ഒരറിയപ്പെടാത്ത കുലുക്കം സൃഷ്ടിച്ചു.
എന്നാൽ, ആ കൊച്ചു വില്ലയിൽ താമസിച്ചിരുന്നത്, ഭാഷയും ദേശവും പങ്കിടാത്ത അന്യരായ ആളുകൾ. അവളോട് ഒരു വാക്ക് പോലും ചേർത്ത് പറയാനുള്ള ധൈര്യം, അവിടത്തെ അന്തരീക്ഷം അവനെ തടഞ്ഞു.
അവളോട് സംസാരിക്കാനുള്ള മോഹം -മണ്ണിനടിയിൽ ഉറങ്ങിക്കിടക്കുന്ന, എന്നാൽ, പൊട്ടിത്തെറിക്കാൻ മടിക്കുന്ന ഒരു വിത്തുപോലെ.
പിന്നീട് ഒരുദിവസം -സമയവും സാഹചര്യങ്ങളും അത്ഭുതമായി ചേർന്നു നിന്നൊരു നിമിഷം. അവളെ ഒറ്റയ്ക്കായി കണ്ടു. മനസ്സിൽ പെട്ടെന്ന് ഒരു ആശയം തെളിഞ്ഞു. “ഇവിടെ എന്റെ ഓഫിസിലെ ഒരു ലേഡിക്ക് കൂടി താമസിക്കാൻ സ്ഥലം ഉണ്ടോ?” - അവൻ ഇംഗ്ലീഷിൽ ചോദിച്ചു.
അവൾ അൽപം ആശയക്കുഴപ്പത്തോടെ അവനെ നോക്കി. ഇംഗ്ലീഷ് പിടിക്കില്ലെന്ന് മനസ്സിലായി. തമിഴിൽ പറഞ്ഞപ്പോഴും അവളുടെ കണ്ണുകളിൽ ആശയം വ്യക്തമാകുന്നില്ലെന്നു വരച്ചു വെക്കുന്നുണ്ടായിരുന്നു.
അപ്പോൾ കൂടെ താമസിക്കുന്ന മുംബൈക്കാരിയായ പെൺകുട്ടി വന്നു. മറുപടി, എടുത്തെറിഞ്ഞ ഒരു കല്ലുപോലെ ചുരുങ്ങിയതായിരുന്നു -“നോ.”
അത് കേൾക്കുന്ന നിമിഷം, ആശിച്ച സംഭാഷണം വഴിയോരത്ത് കാറ്റിൽ കെട്ടുപോയ ഒരു ദീപം പോലെ അണഞ്ഞു. പക്ഷേ അതിലൂടെ ഒരു കാര്യം മാത്രം വ്യക്തമായി -അവൾ ഇന്ത്യക്കാരി. രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു വീട്ടിൽ. തുടർന്നുള്ള ദിവസങ്ങളിൽ, പുഞ്ചിരി ഒരു പതിവായി. വാക്കുകളില്ലെങ്കിലും, ആ മന്ദഹാസത്തിൽ ഒരു ഭാഷയുണ്ടായിരുന്നു. ആ പുഞ്ചിരി അവന്റെ ദിവസം മുഴുവൻ മനോഹരമാക്കി.
ഒരു വൈകുന്നേരം, അവൾക്കായി ചോക്ലറ്റ് വാങ്ങിവെച്ചു. രണ്ടുദിവസം അവസരം കിട്ടിയില്ല. അവസരം ഒത്തുവന്ന ഒരു നിമിഷത്തിൽ, ആ മധുരം അവളുടെ കൈയിൽ അവൻ നിവേദിച്ചു. ‘താങ്ക്സ്…’ -അവൾ മന്ദമായി പറഞ്ഞു.
അവളുടെ ശബ്ദത്തിൽ അലിഞ്ഞുചേരലിന്റെ ഒരു തേൻമധുരം. ആ ഒരു വാക്ക് മുഴുവൻ ദിവസം മനസ്സിൽ തണുത്ത കാറ്റുപോലെ വീശി. മറ്റൊരു ദിവസം, അവസരം ലഭിച്ചപ്പോൾ അവന്റെ ഫോൺ നമ്പർ അവൾക്കു കൊടുത്തു.
മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പക്ഷേ അവളുടെ മുഖത്ത് അൽപം മടിച്ചുകിടക്കുന്ന ആശങ്കയുടെ നിഴൽ.
‘Going India… today,’ അവൾ മുറി ഇംഗ്ലീഷിൽ പറഞ്ഞു.
ആ വാക്കുകൾ കേൾക്കുമ്പോൾ, മനുവിന്റെ ഉള്ളിൽ എന്തോ ഒരു തരംഗം വീശി. അവൾ ഇന്ത്യയിലേക്ക് മടങ്ങുന്ന നിമിഷം -അവന്റെ പ്രതീക്ഷകൾ കാറ്റിന്റെ അടിയേറ്റ ഒരു കിളിക്കൂടായി മാറി. എങ്കിലും, വീണ്ടും നീട്ടിയപ്പോൾ അവൾ നമ്പർ ഏറ്റെടുത്തു. ഒരു അവസാന സമ്മതം. ഒരിക്കലും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഒരു നമ്പറിന്റെ മൃദു ഭാരമത്രേ അവളുടെ കൈയിലുണ്ടായിരുന്നത്.
അതൊരു തയാറെടുത്ത യാത്ര ആണോ, എന്തോ?
അടയാളമില്ലാതെ പറന്നുപോയ ഒരു കുരുവിയുടെ തൂവലിന്റെ ശാന്തമായ വീഴ്ചയുടെ ശബ്ദമായിരുന്നു.
പിന്നീട് ഒരിക്കൽ പോലും അവന് അവളെ വീണ്ടും കാണാനായില്ല. അവന്റെ മനസ്സിൽ ഒരു ശൂന്യത -വരാന്തയിൽ പാട്ടുപാടി ഇരുന്ന ഒരു കുരുവി, ഒരു പെട്ടെന്നുള്ള കാറ്റിൽ മറ്റൊരു ദിശയിലേക്ക് മറഞ്ഞുപോയതുപോലെ.
ഒരു നിമിഷത്തിന്റെ ചൂടിൽ പാകപ്പെട്ടൊരു ചെറുസ്വപ്നം. പക്ഷേ അവളുടെ പുഞ്ചിരി -അത് കുറച്ച് ദൈർഘ്യം അവന്റെ ഉള്ളിൽ നനഞ്ഞുകൊണ്ടിരുന്നു.
അവന്റെ ജീവിതത്തിന്റെ ഒരു ചെറിയ പേജിന്റെ മുകളിൽ അവൾ എഴുതിവെച്ച ഒരൊറ്റ വരി മാത്രം: ‘ചില ആളുകൾ നമ്മെ കാണാൻ വരുന്നത്, ജീവിതം നമുക്ക് നൽകുന്ന ഒരു കാറ്റിന്റെ സ്പർശം മാത്രമാണ് -അവരെ പിടിച്ചു വെക്കാൻ നമ്മുക്കാവില്ല.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.