മിനി ബെന്നി, ദോഹ
മറനീക്കി പുറത്തുവന്ന സൂര്യകിരണങ്ങൾ, ഇടതൂർന്ന വൃക്ഷങ്ങൾക്കിടയിലൂടെ അവ പ്രകാശം വിതറി. മുറ്റം നിറയെ സുഗന്ധം പരത്തി പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ. മന്ദമാരുതൻ ആ സുഗന്ധത്തെ തുറന്നിട്ട ജനാലയിലൂടെ മുറിയിലേക്കെത്തിച്ചു. മുറ്റം നിറയെ ഓണത്തുമ്പികളും, പൂമ്പാറ്റകളും തലങ്ങും വിലങ്ങും പറക്കുന്നു. കുസൃതിക്കുട്ടികൾ തുമ്പിയുടെ വാലിൽ നൂലുകെട്ടാനും ശലഭത്തെ പിടിക്കാനും പായുന്നു... അപ്പൂപ്പനും അമ്മൂമ്മയും രാവിലെ ക്ഷേത്രത്തിൽ തൊഴുതു പ്രസാദവുമായി മടങ്ങിയെത്തി. അങ്ങിങ്ങായി നരകൾ ബാധിച്ച , ഈറനണിഞ്ഞ നീളൻ മുടിയുടെ അറ്റത്തു ചെറിയ കെട്ടും, ഒരു തുളസിക്കതിരും. കസവു മുണ്ടും,
കാതിലൊരു കടുക്കനും, കഴുത്തിലൊരു കരിമണി മാലയും, നെറ്റിയിലൊരു ചന്ദനക്കുറിയും. ഈ പ്രായത്തിലും അമ്മൂമ്മയെ കാണാൻ എത്ര അഴകാണ്, എന്തൊരു തേജസ്സാണ് ആ മുഖത്ത്. പതിവുപോലെ , ഇണപ്രാവുകളെപ്പോലെ അപ്പൂപ്പൻ അമ്മൂമ്മയുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. 'ആഹാ, അമ്മൂമ്മയുടെ പേരക്കുട്ടികൾ പൂക്കളമൊക്കെ ഇട്ടു കഴിഞ്ഞോ, ഇനി എല്ലാവരും പോയി കുളിച്ചുവന്നേ', കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും കൂടി തൊട്ടടുത്ത പുഴയിലേക്കോടി..
അമ്മൂമ്മ പതുക്കെ പ്രസാദമൊക്കെ പൂജാമുറിയിൽ വച്ച്, പാചകപ്പുരയിലേക്കു കയറി..അടച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി. \"എടീ ജാനകി,ഈ സാമ്പാറിന് തീരെ മണമില്ലല്ലോ, അൽപം കായം കൂടി ചേർത്താൽ നന്നാവും\".\"എടീ രാധേ, ഈ പച്ചടി മതിയാകുമോ,ബന്ധുക്കൾ എല്ലാവരും ഇവിടെയല്ലേ കൂടുന്നത്, ഒന്നിനും ഒരു കുറവും ഉണ്ടാകരുത്\". \"എടാ ഗോപാലാ ,ആ അടുപ്പിലെ തീയ് അൽപം കൂടി കുറക്കൂ, അല്ലെങ്കിൽ ആ പ്രഥമൻ അടിക്കു പിടിക്കും, ചുവടു ചേർത്ത് നന്നായി ഇളക്കിക്കൊടുക്കു\". \"സുധാകരൻ എവിടെ?, \"അമ്മേ, അവൻ താഴെ തൊടിയിൽ വാഴയില വെട്ടാൻ പോയി\". അപ്പോഴേക്കും കുഞ്ഞുമക്കളെല്ലാം കുളികഴിഞ്ഞു ഓണപ്പുടവ അണിഞ്ഞെത്തി. അമ്മൂമ്മ എല്ലാവരെയും പൂജാമുറിയിൽ കൊണ്ടുപോയി തൊഴുവിച്ചു, നെറ്റിയിൽ ചന്ദനക്കുറിചാർത്തി. വീണ്ടും കുട്ടികൾ കളിക്കാനിറങ്ങി..ഊഞ്ഞാലാട്ടം,തുമ്പിതുള്ളൽ,പുലികളി എന്നുവേണ്ട ആകെ ബഹളം.
അലാറത്തിെൻറ നിലക്കാത്ത ഒച്ചകേട്ടു കണ്ണുതുറന്നപ്പോൾ ആകെ ഒരു മൂകത. ഇന്നു പൊന്നോണം. \"ഓണം വന്നാലും, ചങ്ക്രാന്തി വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ\" എന്നപോലെയാ ഏതു വിശേഷദിവസം വന്നാലും പ്രവാസിക്ക് ജോലിക്കു പോകണം. യാന്ത്രികമായി റെഡി ആയി ഓഫിസിലേക്ക് പോയി. യാത്രക്കിടയിൽ മനസ്സ് ബഹുദൂരം സഞ്ചരിച്ചു. നാട്ടിലെ വീട്ടിൽ അവർ മാത്രം. ഞാൻ ഇക്കരെയും, അവർ അക്കരെയും. പഴയകാലമല്ല, ഇന്ന് മിക്കവാറും എല്ലാ കുടുംബങ്ങളും അണുകുടുംബമാണ്. ഗൃഹാതുരുത്വം നിറയുന്ന, ആഘോഷം നിറഞ്ഞ മുഖരിതമായ പഴയകാലം ഓർത്തുപോകുകയാണ്. ഇന്നത്തെ പേരക്കുട്ടികൾ പലർക്കും, അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ കേട്ടറിവ് മാത്രം.
ഒപ്പം പഴയതുപോലെയുള്ള ആഘോഷങ്ങളും അവർക്കന്യമായിരിക്കുന്നു. അതിലുപരി കോവിഡ് എന്ന മഹാമാരി ഭൂരിപക്ഷം സാധാരണ കുടുംബങ്ങളിലൊക്കെ പട്ടിണിയും ദാരിദ്ര്യവും വിതച്ചു. എന്നാലും ഓണം എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികൾ. ഇങ്ങു കടലിനിക്കരെയും കാര്യങ്ങൾ വ്യത്യസ്തമല്ല. വിദേശരാജ്യത്ത് ഓണദിനം പ്രവാസികൾക്ക് ഔദ്യോഗിക അവധിദിനമല്ലെങ്കിലും ഇവിടെയും മാസങ്ങളോളം നീളുന്ന ഓണാഘോഷങ്ങൾ. സുഹൃത്തുക്കൾക്കിടയിൽ , ഓഫിസുകളിൽ, മലയാളികൾ കൂടുന്നയിടങ്ങളിൽ, പല അസോസിയേഷനുകളിൽ അങ്ങനെ മാസങ്ങളോളം നീളുന്ന വ്യത്യസ്ത ആഘോഷപരിപാടികളാണ് പ്രവാസലോകത്ത്.
പക്ഷെ, അവിടെയും ചില ഒട്ടുന്ന വയറുകൾ ഉണ്ട്. ഒറ്റപ്പെടലുകളിൽ നീറുന്നവർ. കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് എങ്ങനെയൊക്കെയോ കുടുംബം പുലർത്തുന്നവർ. ചേർത്തുപിടിക്കണം അവരെ, വിശപ്പകറ്റണം അവരുടേതും.അപ്പോഴാണ് സന്തോഷത്തിേന്റയും സമൃദ്ധിയുടെയും നന്മയുടെയും ഓണം എന്നത് പൂർണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.